ആലപ്പുഴ: മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം (36) എന്നു വിളിക്കുന്ന ഗണപതിയാണ് മരിച്ചത്. കുടുംബ പ്രശ്നം ഒത്തു തീർപ്പാക്കാനായി ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ ശ്രമം.
ഭാര്യയുമായുള്ള പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. എന്നാൽ പ്രശ്നം ഒത്തുതീർപ്പാകാത്തതിനാൽ നഗരത്തിലെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിലെ മൊബൈല്‍ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. യുവാവ് മൊബൈൽ ടവറിൽ കയറുന്നത് കണ്ട നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.