ആലപ്പുഴ:തലവടി തൃക്കൈ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്‌ടിച്ച കേസിലെ പ്രതി പിടിയില്‍. തലവടി കാരിക്കുഴി സ്വദേശി മാത്തുക്കുട്ടി മത്തായി (വാവച്ചന്‍-47) ആണ് പിടിയിലായത്. പ്രതിയെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
കാണിക്കവഞ്ചി മോഷ്‌ടിച്ച കേസിലെ പ്രതി പിടിയില്‍ - മോഷണം വാർത്ത
തലവടി കാരിക്കുഴി സ്വദേശി മാത്തുക്കുട്ടി മത്തായി (വാവച്ചന്‍-47) ആണ് പൊലീസ് പിടിയിലായത്
പൊലീസ് നടത്തിയ പരിശോധയില്‍ വീട്ടില്‍ നിന്നും നാണയങ്ങൾ കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പണം എടുത്തശേഷം കാണിക്കവഞ്ചി സമീപത്തെ ആറ്റില്‍ വലിച്ചെറിഞ്ഞതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തലവടി ഗ്രാമപഞ്ചായത്ത് ഓഫീസ്, തലവടി ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ മറ്റേതെങ്കിലും കേസില്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചു. കഴിഞ്ഞ 25-നാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ പ്രധാന ഉപദേവതകളുടെ മുന്‍പില്‍ വെച്ചിരുന്ന രണ്ട് കാണിക്കവഞ്ചിയാണ് മോഷണം പോയത്. അടുത്ത ദിവസം പുലര്‍ച്ചെ പൂജാരി നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്ര ഭരണസമതി എടത്വാ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിരലടയാള വിദഗ്‌ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.