ആലപ്പുഴ: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായ കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് മാരാരിക്കുളം പൊലീസ് വെളളാപ്പള്ളിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു. മാരാരിക്കുളം സിഐ എസ്.രാജേഷിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മരിക്കുന്നതിന് മുൻപ് മഹേശൻ എഴുതിയ 32 പേജുള്ള കത്തിലും ആത്മഹത്യാ കുറിപ്പിലും വെള്ളാപ്പള്ളിക്കും എസ്എൻഡിപി യൂണിയൻ നേതാവ് കെ.എൽ അശോകനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിച്ചു.
കെ.കെ മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ വീണ്ടും ചോദ്യം ചെയ്തു - kanichikulangara sndp
മൂന്ന് മണിക്കൂറില്‍ അധികമാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. മാരാരിക്കുളം സിഐ എസ്.രാജേഷിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
മഹേശൻ ചുമതല വഹിച്ചിരുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്‍റെ ദേവസ്വം ഓഫീസിലും ഇതിനു കീഴില്‍ വരുന്ന സ്കൂളിലേയും രേഖകൾ പൊലീസ് പരിശോധിച്ചു. സ്കൂളും ദേവസ്വവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍റെയും അശോകന്‍റെയും നേതൃത്വത്തിൽ വൻ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ് കത്തിൽ മഹേശൻ ആരോപിച്ചിരുന്നത്. സ്കൂൾ കെട്ടിടത്തിന്‍റെ പണി പൂർത്തിയാക്കിയതിന് ശേഷം ബാക്കി വന്ന 17 ലക്ഷം രൂപ അന്നത്തെ സ്കൂൾ മാനേജർ പി.കെ ധനേശൻ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിരുന്നു. ഈ സ്കൂൾ കെട്ടിടം വെള്ളാപ്പള്ളിയുടെ സപ്തതി സ്മാരകമായാണ് നിർമിച്ചിരിക്കുന്നതെന്നും ആത്മഹത്യ കുറിപ്പിൽ ചൂണ്ടി കാണിക്കുന്നുണ്ട്. കണിച്ചുകുളങ്ങര ഉത്സവത്തിന്‍റെ ഭാഗമായി വെള്ളാപ്പള്ളിയുടെ വീട്ടിൽ ഒരുക്കുന്ന അലങ്കാരങ്ങൾക്ക് പണം എടുക്കുന്നത് പോലും ദേവസ്വത്തിൽ നിന്നായിരുന്നുവെന്നും ഏകദേശം മൂന്നര ലക്ഷത്തോളം രൂപയാണ് ഇങ്ങനെ ചെലവാക്കിയതെന്നും മഹേശന്‍റെ കത്തിൽ പറയുന്നു.
അതേസമയം, മഹേശൻ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത് കണ്ടു പിടിച്ചതോടെയാണ് വെള്ളാപ്പള്ളി നടേശനെ കുടുക്കാൻ വേണ്ടി കഥ മെനഞ്ഞ് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തതെന്ന് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തുഷാറിന്‍റെ ആരോപണങ്ങളെല്ലാം മഹേശന്‍റെ കുടുംബം തള്ളി. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും കുടുംബം പറഞ്ഞു. കേസ് ഒത്തുതീർക്കാൻ തുഷാർ വിളിച്ചിരുന്നു. തങ്ങൾ ഒരു തരത്തിലും വഴങ്ങില്ലെന്ന് ഉറപ്പായതോടെയാണ് വെള്ളാപ്പള്ളിയും തുഷാറും മഹേശനെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നതുെന്നും കുടുംബം കുറ്റപ്പെടുത്തി. മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പരസ്യപ്രതികരണത്തിനില്ലെന്നുമാണ് പൊലീസിന്‍റെ നിലപാട്.