ആലപ്പുഴ:ഈറക്കുഴലിൽ നാദവിസ്‌മയം സൃഷ്ടിക്കുന്ന പുല്ലാങ്കുഴലിന്‍റെ പെരുന്തച്ചൻ.. വയലാർ സ്വദേശി പ്രമോദ് ചന്ദ്ര മോഹനെ തേടിയെത്തുന്നത് കേരളത്തിലും പുറത്തുമുള്ള ഓടക്കുഴല്‍ സംഗീത വിദ്വാൻമാർ. ഓടക്കുഴല്‍ പഠിക്കാൻ ആഗ്രഹിച്ച പ്രമോദ് ഇതുവരെ നിർമിച്ചത് അൻപതിനായിരത്തോളം ഓടക്കുഴലുകൾ.
മനസർപ്പിച്ച് നിർമാണം
സൂക്ഷ്മതയും സംഗീതബോധവുമാണ് ഓടക്കുഴല്‍ നിർമാണത്തിന് വേണ്ടതെന്ന് പ്രമോദ് പറയും. വർഷങ്ങളുടെ പരിശ്രമമാണ് മികച്ച ഓടക്കുഴല്‍ നിർമാതാവായി പ്രമോദിനെ മാറ്റിയെടുത്തത്. സ്വന്തം വീടിന്‍റെ കാർപോർച്ചിലാണ് നിർമാണം. ഹിന്ദുസ്ഥാനി, കർണാടിക്ക് തുടങ്ങി വിവിധ സംഗീത ശാഖകൾക്കുള്ള ഓടക്കുഴലുകൾ പ്രമോദ് നിർമ്മിക്കും.
പുല്ലാങ്കുഴല്‍ നാദമാകുന്ന ശ്വാസതാളം, ആ പെരുന്തച്ചൻ ഇവിടെയുണ്ട് ALSO READ:Idukki Dam: ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ തുറന്നു; പെരിയാറിന്‍റെ തീരത്ത് ജാഗ്രത നിര്‍ദേശം
ഈറക്കുഴല്‍ ഉത്തരാഖണ്ഡില്‍ നിന്ന്
മുളവര്‍ഗത്തില്‍പ്പെട്ട ഓടയുടെ വണ്ണം കുറഞ്ഞ തണ്ടു കൊണ്ടാണ് ഓടക്കുഴല്‍ നിര്‍മ്മിക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നാണ് പ്രമോദ് ഈറ എത്തിക്കുന്നത്. കുഴലിന്‍റെ ഒരറ്റം അടഞ്ഞിരിക്കണം. അതിനുവേണ്ടി ഒരു മുട്ടില്‍ വച്ചാണ് തണ്ട് മുറിക്കുന്നത്. അടഞ്ഞ അറ്റത്തിനടത്തുനിന്ന് ആലയിൽ വിവിധ രൂപത്തില്‍ കമ്പി പഴുപ്പിച്ച് കുഴലിന്‍റെ വ്യാസത്തിന് കൃത്യവും തുല്യവുമായ ദൂരത്തില്‍ സുഷിരമുണ്ടാക്കും.
ALSO READ:തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് വ്യാപക നാശനഷ്‌ടം
ഈ സുഷിരമാണ് മുഖരന്ധ്രം. മുഖരന്ധ്രത്തില്‍ വായ് ചേര്‍ത്തു കൊണ്ട് ചെറുതായി ഊതുമ്പോള്‍ മധുരമുള്ള ശബ്ദമുണ്ടാകും. ഓരോ സുഷിരമുണ്ടാക്കുമ്പോഴും മൊബൈലിലെ ആപ്പ് ഉപയോഗിച്ച് ട്യൂൺ ശരിയാണോ എന്ന് പരിശോധിക്കും.
മണിക്കൂറുകളുടെ അധ്വാനത്തിന് ശേഷമാണ് ഓരോ ഓടക്കുഴലും പിറവിയെടുക്കുന്നത്. മനോഹരമായി ഓടക്കുഴൽ നിർമ്മിക്കുന്ന പ്രമോദ് അതിലും മനോഹരമായി അത് വായിക്കുകയും ചെയ്യും. ഓരോ ഓടക്കുഴലിലും ഉയർന്നു കേൾക്കുന്നത് പ്രമോദിന്‍റെ ശ്വാസതാളമാണ്. ആരും കേൾക്കാൻ കൊതിക്കുന്ന മധുരനാദം.