ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായത് 14629 വീടുകളെന്ന് മന്ത്രി ജി.സുധാകരൻ. ടിഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ലാ തല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിൽ 17429 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. പദ്ധതിയുടെ 83.61 ശതമാനം പൂര്‍ത്തിയായെന്നും ഇനിയുള്ള 16.39 ശതമാനം വീടുകളുടെ പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്കായി 10 ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം ഈ മാസം ആരംഭിക്കും. ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂരഹിത, ഭവനരഹിതര്‍ക്കുള്ള ഫ്ലാറ്റുകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. കൂടാതെ മൂന്ന് സെന്‍റ് ഭൂമി ലഭ്യമാക്കി വീട് നിര്‍മിച്ച് നല്‍കുന്നുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി; ആലപ്പുഴയില്‍ പൂര്‍ത്തിയായത് 14629 വീടുകള്‍
ആലപ്പുഴയില്‍ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ലാ തല സംഗമം സംഘടിപ്പിച്ചു
ജില്ലയില്‍ പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പുറം, തഴക്കര എന്നീ സ്ഥലങ്ങളില്‍ ഫ്ലാറ്റ് പണി തുടങ്ങുവാനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗുണഭോക്തൃ പ്രതിനിധികളായ ഹരിപ്പാട് പുത്തൻപൊറുതിയിൽ സരസമ്മ, ദേവകി എന്നീ സഹോദരിമാരെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉപഹാരം നൽകി ആദരിച്ചു. ഭൂപരിഷ്കരണത്തിന് ശേഷം കേരളത്തിൽ ഏറ്റവും വലിയ സാമൂഹിക മുന്നേറ്റത്തിന് വേണ്ടിയുള്ള പദ്ധതിയായി ലൈഫ് പദ്ധതി മാറിയെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ പ്രതിനിധികളെയും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരെയും ചടങ്ങിൽ കലക്ടർ ആദരിച്ചു. ജില്ലാ കലക്ടർ എം. അഞ്ജന, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പി ഉദയ സിംഹൻ എന്നിവർ പ്രസംഗിച്ചു