ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ മികച്ച വിജയം ആഘോഷിക്കുന്നതിനായി എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിജയദിനാഘോഷം പ്രവർത്തകരും നേതാക്കന്മാരും ഒരു പോലെ ആഘോഷിച്ചു. ജില്ലയിലെ 16 ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള 9 നിയമസഭാ മണ്ഡലങ്ങളിലായാണ് വിജയദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ജില്ലാ എൽഡിഎഫ് കൺവീനർ കൂടിയായ സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ദീപം തെളിയിച്ചു. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായ ടി വി തോമസ് സ്മാരക മന്ദിരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ജലോസ് എന്നിവർ ദീപം തെളിയിച്ചു. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, നിയുക്ത എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, പി പ്രസാദ്, എച്ച് സലാം, തോമസ് കെ തോമസ്, യു പ്രതിഭ, എം എസ് അരുൺ കുമാർ, സജി ചെറിയാൻ, എംഎൽഎ ആർ രാജേഷ്, എ എം ആരിഫ് എംപി തുടങ്ങിയവർ ദീപം തെളിയിച്ച് എൽഡിഎഫ് വിജയദിനാഘോഷങ്ങളുടെ ഭാഗമായി.