ആലപ്പുഴ : മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമയുദ്ധത്തിനൊരുങ്ങി ആലപ്പുഴ നഗരസഭ. കയ്യേറ്റവുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ ചുമത്തിയ പിഴ സംസ്ഥാന സർക്കാർ ഇടപെട്ട് വെട്ടിച്ചുരുക്കിയിരുന്നു. ഇതിനെതിരെ നഗരസഭാ കൗൺസിൽ യോഗംകൂടി പിഴ കുറയ്‌ക്കേണ്ടതില്ലെന്ന് നിലപാട് എടുത്തിരുന്നു. ഈ നിലപാടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഇന്ന് ഇറക്കിയ ഉത്തരവിലൂടെ അട്ടിമറിച്ചിരിക്കുന്നത്. ചട്ടലംഘനത്തിന്‍റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഈ തുകയാണ് 34 ലക്ഷമായി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത്. ഇതാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭാ കൗൺസിലിനെ ചൊടിപ്പിച്ചത്. സർക്കാർ വിവാദ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയിൽ നിന്ന് പിഴത്തുക ഈടാക്കാൻ സുപ്രീം കോടതി വരെ പോകുമെന്ന് ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് പ്രതികരിച്ചു.
ലേക് പാലസ്; നിയമ യുദ്ധത്തിനൊരുങ്ങി ആലപ്പുഴ നഗരസഭ
തോമസ് ചാണ്ടിയിൽ നിന്ന് പിഴത്തുക ഈടാക്കാൻ സുപ്രീം കോടതി വരെ പോകുമെന്ന് ആലപ്പുഴ നഗരസഭാ ചെയർമാൻ
നിർധനരുടെ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ 2 വർഷം മുമ്പ് സംസ്ഥാന സർക്കാറിന് നൽകിയ അപേക്ഷയിൽ ഇതുവരെയും നടപടി സ്വീകരിക്കാത്ത സർക്കാരാണ് തോമസ് ചാണ്ടിക്ക് വേണ്ടി പ്രത്യേകം ഓർഡർ ഇറക്കിയിരിക്കുന്നത്. ഇത് വിരോധാഭാസമാണ്. ഇത്തരത്തിൽ ഒരു സർക്കാർ കേരളത്തിലല്ലാതെ മറ്റെവിടെയും കാണാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി നിർണയത്തിൽ അപാകതയുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം. എന്നാൽ ഈ വിഷയത്തിൽ നികുതിയും പിഴയും ഒന്നിച്ചാണ് ചുമത്തിയിരിക്കുന്നത്.ഇതിന്മേലുള്ള ഇടപെടൽ പഞ്ചായത്തീരാജ് ആക്ടിന്‍റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജൂലായ് 16ന് നഗരസഭാ കൗൺസിൽ യോഗം ചേർന്ന് പുതിയ സാഹചര്യം വിലയിരുത്തുകയും തുടർന്നടപടി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്യും.