മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭ 2.73 കോടി രൂപ പിഴയിട്ടു. മുന്‍സിപ്പൽ ആക്ട് 242 പ്രകാരം കെട്ടിട നികുതിയിനത്തിലാണ് റിസോർട്ടിന് പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കിൽ റിസോർട്ട് പൊളിച്ചു നീക്കാനാണ് നിർദ്ദേശം. റിസോർട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമാണെന്ന് റിസോർട്ട് ഉടമസ്ഥർ തന്നെ സമ്മതിച്ചു. നഗരസഭയുടെ റവന്യു എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ സംയുക്ത പരിശോധനയില്‍ ലേക് പാലസ് റിസോർട്ടിൽവൻ തോതിൽ അനധികൃത നിർമാണം കണ്ടെത്തിയിരുന്നു. ഭൂമി ക്രമവത്ക്കരിച്ച് കിട്ടാൻ ലേക് പാലസ് നല്‍കിയ അപേക്ഷയിലാണ് ഇക്കാലത്തെ നികുതി തുകയുടെ ഇരട്ടി പിഴയടക്കാൻ നിർദ്ദേശം വന്നത്.
തോമസ് ചാണ്ടിയുടെ റിസോർട്ടിന് 2.73 കോടി പിഴ - ലേക് പാലസ് റിസോർട്ട്
നഗരസഭയുടെ റവന്യൂ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ തോതിൽ അനധികൃത നിർമാണം ലേക് പാലസ് റിസോർട്ടിൽ കണ്ടെത്തിയത്.
ജനറേറ്റർ റൂം,മസാജ് സെന്‍റർ, കാന്‍റീൻ തുടങ്ങി 10 കെട്ടിടങ്ങൾ നഗരസഭാ രേഖകളിൽ പോലും ഇല്ല. 22 കെട്ടിടങ്ങളില്‍ അനധികൃത നിർമാണവും കണ്ടെത്തിയതായി നഗരസഭാ ചെയർമാൻ തോമസ് ജോസഫ് വ്യക്തമാക്കി. 15 ദിവസത്തിനകം തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിമാൻഡ് നോട്ടീസും ലേക് പാലസിന് കൈമാറിയിട്ടുണ്ട്. റിസോർട്ടിന് പിഴ ചുമത്തിയ നടപടി നഗരസഭാ കൗൺസിൽ ഐകകണ്ഠേനയാണ് അംഗീകരിച്ചത്.
നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ലേക് പാലസ് റിസോര്‍ട്ട് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലൂടെയാണ് തോമസ് ചാണ്ടിയുടെ ക്രമക്കേടുകള്‍ പുറംലോകം അറിഞ്ഞത്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിനെതിരെ കേസെടുക്കണമെന്നും ഹര്‍ജിയുണ്ടായിരുന്നു.