ആലപ്പുഴ: രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭ്യത രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തനതായി കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള തനത് പദ്ധതികളുമായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡും (കെഎസ്‌ഡിപി).
പ്രാഥമിക നടപടികള്‍ ആരംഭിച്ചു
ഉത്പാദനത്തിനുള്ള പ്രാഥമിക നടപടികൾ കമ്പനി ആരംഭിച്ചു. ഇതു സംബന്ധിച്ച കത്ത് വ്യവസായ വകുപ്പിന് നൽകി. പദ്ധതി സംബന്ധിച്ച പ്രോജക്ട് പ്ലാനും വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കെഎസ്‌ഡിപിയിൽ മാത്രമാണ് കുത്തി വയ്‌പ്പ് മരുന്നുകൾ ഉത്പ്പാദിപ്പിക്കുന്ന പ്ലാന്‍റ് സജ്ജമാകുന്നത്. മരുന്നുകളും ബോട്ടിലുകളും (പൊളിത്തീൻ കുപ്പി) നിർമിക്കുന്നതും മരുന്ന് നിറച്ച് ലേബൽ പതിക്കുന്നതും ഉൾപ്പടെ മുഴുവൻ പ്രവർത്തനവും അടുത്തിടെ സ്ഥാപിച്ച ജർമൻ നിർമിത യന്ത്രത്തിൽ ചെയ്യാൻ കഴിയും.
കെഎസ്‌ഡിപിയ്ക്ക് വിപുലമായ പദ്ധതി
കെഎസ്‌ഡിപിയുടെ തന്നെ നോൺ ബീറ്റാലാക്‌ട് പ്ലാന്‍റിനോട് ചേർന്നു സ്ഥാപിച്ചിട്ടുള്ള ഈ പ്ലാന്‍റിൽ ഒരു ലൈനിൽ മിനിറ്റിൽ 300 ആംപ്യൂളുകളും 160 വയലുകളും ഉണ്ടാക്കാനുള്ള കപ്പാസിറ്റിയുണ്ട്. ഇതോടൊപ്പം കൊവിഡ് വാക്‌സിൻ കോൺസെൻട്രേറ്റുകൾ സൂക്ഷിക്കാനുള്ള -20 മുതൽ -80 ഡിഗ്രി വരെ തണുപ്പുള്ള ഡിഫ്രീസറും 2-8 ഡിഗ്രിയുടെ കോൾഡ് റൂമും മറ്റ് അത്യാവശ്യം യന്ത്രസാമഗ്രികൾകൂടി ഉറപ്പാക്കിയാൽ കൊവിഡ് കോൺസെൻട്രേറ്റിൽ നിന്ന് ഈ ലൈൻ ഉപയോഗപ്പെടുത്തി ഡോസുകൾ നിറയ്ക്കാനാവും. വർഷത്തിൽ ഏകദേശം 3.5 കോടി ആംപ്യൂളുകൾ, 1.30 കോടി വയൽസ്, 1.20 കോടി എൽ വി പി മരുന്നുകൾ, 88 ലക്ഷം തുള്ളിമരുന്നുകൾ (ഒഫ്താൽമിക്) തുടങ്ങിയവ ഉൽപാദിപ്പിക്കാൻ ഇതിലൂടെ കഴിയും. ഇത് പ്രയോജനപ്പെടുത്തിയാണ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി കെഎസ്‌ഡിപി മുന്നോട്ടു പോകുന്നത്.
പ്രതിരോധ പ്രവര്‍ത്തനത്തില്‍ എന്നും മുന്നില്‍
ആദ്യ ഘട്ടത്തിൽ വാക്സിൻ നിറച്ച് വിതരണം ചെയ്യുക എന്നത് മാത്രമാണ് ലഭ്യമാക്കുന്നത്. ആകെ 10 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ കഴിയുന്ന ഈ പ്ലാന്‍റ്, അനുമതി ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ഭാവിയിൽ വാക്സിൻ സ്വന്തമായി നിർമിക്കാനുള്ള പദ്ധതിയാണ് കെഎസ്‌ഡിപിക്കുള്ളത്. ഇക്കാര്യത്തിൽ വ്യവസായ വകുപ്പ് നടപടികൾ സ്വീകരിച്ചു തുടങ്ങിയതായാണ് ലഭ്യമായ സൂചന. കേരളത്തിൽ കൊവിഡ് രോഗവ്യാപനവും ലോക്ക്ഡൗണും ഉണ്ടായപ്പോൾ സാനിറ്റൈസർ ഉൽപാദിപ്പിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന സർക്കാർ സ്ഥാപനമാണ് കെഎസ്‌ഡിപി.