ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവ നായിക കെആർ ഗൗരിയമ്മയ്‌ക്ക് പുന്നപ്ര - വയലാറിലെ വലിയചുടുകാട്ടിൽ അന്ത്യവിശ്രമം. ആദ്യം ഗൗരിയമ്മയുടെ രാഷ്‌ട്രീയ പങ്കാളിയും പിന്നീട് ജീവിതപങ്കാളിയുമായ ടിവി തോമസിന് അന്ത്യവിശ്രമം ഒരുക്കിയതും വലിയചുടുകാട്ടിൽ തന്നെയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നേരത്തെ തിരുവനന്തപുരത്ത് പൊതു ദർശനത്തിന് വെച്ച മൃതദേഹം പിന്നീട് ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയിലും എസ്‌ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിന് വെച്ചിരുന്നു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവിന് വൈകാരികമായ യാത്രയയപ്പാണ് കർമ്മമണ്ഡലമായ ആലപ്പുഴ നൽകിയത്.
ഒരു യുഗം ഇവിടെ വിടചൊല്ലി മറയുന്നു, കെആർ ഗൗരിയമ്മയ്ക്ക് വലിയചുടുകാട്ടില്‍ അന്ത്യവിശ്രമം
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവിന് വൈകാരികമായ യാത്രയയപ്പാണ് കർമ്മമണ്ഡലമായ ആലപ്പുഴ നൽകിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ പി തിലോത്തമൻ, ജി സുധാകരൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, എംപിമാരായ അഡ്വ.എഎം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ സജി ചെറിയാൻ, ആർ രാജേഷ്, എസ്.ശർമ്മ, നിയുക്ത എംഎൽഎമാരായ പിപി ചിത്തരഞ്ജൻ, എംഎസ് അരുൺകുമാർ, എച്ച് സലാം, പി പ്രസാദ്, പി രാജീവ്, വിഎൻ വാസവൻ, ദലീമ ജോജോ, പുന്നപ്ര വയലാർ വിപ്ലവനായിക പികെ മേദിനി, മുൻ എംഎൽഎമാരായ കെകെ ഷാജു, രാജൻബാബു, സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് തുടങ്ങി നിരവധി പ്രമുഖരാണ് വിപ്ലവനായികയ്ക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആലപ്പുഴയിൽ എത്തിയത്. സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും വേണ്ടി കലക്ടർ എ അലക്‌സാണ്ടറും സംസ്ഥാന പൊലീസ് സേനയ്ക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി ജി ജയദേവും പുഷ്പചക്രം അർപ്പിച്ചു.