ആലപ്പുഴ:കിഫ്ബിക്കെതിരെ നടക്കുന്നത് സംഘടിതമായ ഗൂഢാലോചനയെന്ന് ആവർത്തിച്ച് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. കിഫ്ബി പദ്ധതികളെ തകർക്കാൻ കോൺഗ്രസ്- ബിജെപി സഖ്യം സംയുക്തമായാണ് നീങ്ങുന്നതെന്നും ഗൂഢാലോചന നടത്താനുള്ള പച്ചക്കൊടി വിശീയത് ആർഎസ്എസ് നേതാവ് റാം മാധവാണെന്നും തോമസ് ഐസക് ആരോപിച്ചു.തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്‌ചയെത്തുടർന്നാണ് സ്വദേശി ജാഗരൺ മഞ്ച് നേതാവ് കിഫ്ബിയ്ക്കെതിരെ ഹൈക്കോടതിയിൽ കേസുമായെത്തിയത്. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയോടൊപ്പം നിൽക്കുകയാണ് മാത്യു കുഴൽനാടൻ ചെയ്‌തത്. കേസ് പിൻവലിച്ചതും പിന്നീട് സിഎജിയെ കക്ഷി ചേർത്ത് വീണ്ടും കേസ് നൽകിയതുമെല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിത്തന്നെയാണ്. കേരളത്തെ തകർക്കാൻ ഈ ഗൂഢസംഘത്തെ അനുവദിക്കാനാവില്ലെന്നും ധനമന്ത്രി ആലപ്പുഴയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
കിഫ്ബിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ആവർത്തിച്ച് ധനമന്ത്രി - മാത്യൂ കുഴൽനാടൻ
കിഫ്ബി മൊത്തം അഴിമതിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവിന് അത് തെളിയിക്കാനായില്ലെന്നും തന്‍റെ കൈവശം അഴിമതി നടത്തിയതിന്‍റെ വിവരങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ കെപിസിസി സെക്രട്ടറി അത് പുറത്തുപറയുന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു.
മാത്യൂ കുഴൽനാടൻ ഒരു വല്ലാത്ത രാഷ്ട്രീയപ്രവർത്തകൻ തന്നെയാണെന്നത് പറയാതെ വയ്യ. രാഷ്ട്രീയം നോക്കാതെ അദ്ദേഹം ആർഎസ്എസുകാരുടെ വക്കാലത്തെടുക്കും. എന്തുമാതിരി രാഷ്ട്രീയപ്രവർത്തകനാണ് അദ്ദേഹം. ഇങ്ങനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോ എന്ന് ആ പാർട്ടി തീരുമാനിക്കട്ടെയെന്നും ഐസക്ക് പരിഹസിച്ചു.
കിഫ്ബി മൊത്തം അഴിമതിയാണെന്ന് എത്രയോ നാളായി പ്രതിപക്ഷ നേതാവ് പാടി നടക്കുന്നു. പക്ഷേ, ഏതു പ്രോജക്ടിൽ എത്ര രൂപയുടെ അഴിമതിയെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തെ നിരന്തരം വെല്ലുവിളിച്ചിട്ടും മറുപടിയില്ല. അപ്പോഴാണ് തന്‍റെ കൈവശം അഴിമതി നടത്തിയതിന്‍റെ വിവരങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു കെപിസിസി സെക്രട്ടറി ചാടി വീഴുന്നത്. പക്ഷേ, അത് പുറത്തു പറയുകയോ പ്രതിപക്ഷ നേതാവിന് പോലും കൈമാറുകയോ ചെയ്യുന്നില്ല. കിഫ്ബിയെ തകർത്ത് കേരള വികസനം അട്ടിമറിക്കാനുള്ള ബിജെപി- കോൺഗ്രസ് സഖ്യത്തിന്‍റെ സംയുക്ത അജണ്ടയുടെ വിശദാംശങ്ങൾ ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നുണ്ട്. ഈ സംഖ്യത്തെ ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിക്കാനുള്ള രാഷ്ട്രീയദൗത്യം എൽഡിഎഫ് ഏറ്റെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.