ആലപ്പുഴ : കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം ജില്ല കമ്മിറ്റി എംഎൽഎയോട് വിശദീകരണം തേടും. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ എംഎൽഎയുടെ ഭാഗത്ത് നിന്ന് പരസ്യ പ്രതികരണങ്ങൾ ഉണ്ടായി എന്നതിനാലാണ് പാർട്ടി അംഗവും തകഴി ഏരിയ കമ്മിറ്റി അംഗവുമായ എംഎൽഎയോട് ജില്ല കമ്മിറ്റി വിശദീകരണം തേടുന്നത്.
പാർട്ടി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടപെടേണ്ടതിനെ സംബന്ധിച്ച് സിപിഎം കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ സർക്കുലറുകൾ നിലനിൽക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി ഘടകത്തിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്‌ത് പാർട്ടിയെയും നേതാക്കളെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നു എന്നതാണ് ജില്ല കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.
യു. പ്രതിഭയോട് വിശദീകരണം തേടാന്‍ സിപിഎം ജില്ലാകമ്മിറ്റി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തിനും അതൃപ്‌തിയുണ്ടെന്നാണ് സിപിഎം നേതാക്കളിൽ നിന്ന് ലഭ്യമായ സൂചന. എംഎൽഎയും കായംകുളം ഏരിയ നേതൃത്വവുമായി നിരന്തരമുണ്ടാവുന്ന അസ്വാരസ്യങ്ങൾക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്നും വിഷയങ്ങൾ ചർച്ച ചെയ്‌ത് രമ്യതയിൽ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോകണമെന്നുമാണ് സംസ്ഥാന നേതൃത്വം നൽകിയ നിര്‍ദേശം.
Also Read: പരിക്കേറ്റ രണ്ടര വയസുകാരി വെന്‍റിലേറ്ററിൽ തുടരുന്നു ; തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞു
കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും തർക്കങ്ങളും പാർട്ടിയിൽ ചർച്ചയായിട്ടും കായംകുളത്തേത് പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നുമായിരുന്നു യു. പ്രതിഭ എംഎൽഎ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.