കായംകുളം താലൂക്ക് ആശുപത്രിയിൽ 12 ഡയാലിസിസ് യൂണിറ്റുകൾ കൂടി
പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതോടെ ആഴ്‌ചയിൽ 250 പേർക്ക് വരെ ചികിത്സ നൽകാൻ കഴിയും
ആലപ്പുഴ:കായംകുളംതാലൂക്ക് ആശുപത്രിയുടെ പുതിയ 12 ഡയാലിസിസ് യൂണിറ്റുകൾ ഉടൻ പ്രവർത്തനക്ഷമമാകും. ആർഒ പ്ലാന്‍റ് അടുത്ത ദിവസം സ്ഥാപിക്കും. നിലവിലുള്ള നാല് യൂണിറ്റിൽനിന്ന് ആഴ്‌ചയിൽ 28 പേർക്കാണ് ഡയാലിസിസ് ചെയ്യാൻ കഴിയുക. പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായി ആഴ്‌ചയിൽ 250 പേർക്ക് വരെ ചികിത്സ നൽകാൻ കഴിയും. 2.84 കോടി രൂപ ചെലവിലാണ് നിർമാണം.
ദേശീയ ആരോഗ്യദൗത്യത്തിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന മാതൃ–-ശിശു സംരക്ഷണ കേന്ദ്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ലേബർ റൂം, മോഡുലാർ ഓപറേഷൻ തീയേറ്റർ, നവജാതശിശുക്കൾക്കുള്ള ഐസിയു, ആന്‍റിനേറ്റർ, പോസ്‌റ്റുനേറ്റർ, വാർഡുകൾ, ഒരേസമയം ഇരുപതോളം പേർക്ക് കയറാവുന്ന പാസഞ്ചർ ബെഡ് ലിഫ്റ്റ് എന്നിവയാണ് പദ്ധതിയിലുള്ളത്. എംഎൽഎ ഫണ്ടിൽനിന്ന് 70 ലക്ഷംരൂപ വിനിയോഗിച്ചുള്ള ബഹുനില കെട്ടിടനിർമാണവും പുരോഗമിക്കുകയാണെന്നും യു .പ്രതിഭ എംഎൽഎ അറിയിച്ചു.