ആലപ്പുഴ: ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ തുടരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാൻ വിശ്വാസികൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. കട്ടച്ചിറ പള്ളിയിലേത് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നമല്ല. അത് രമ്യമായി പരിഹരിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഇരുവിഭാഗത്തിൽപ്പെടുന്ന വിശ്വാസ സമൂഹത്തിന്‍റെ പിന്തുണയും സഹകരണവും അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
കട്ടച്ചിറ പള്ളി പ്രശ്നം പരിഹരിക്കാൻ വിശ്വാസികൾ സഹകരിക്കണം: കലക്ടർ അദീല അബ്ദുള്ള - കട്ടച്ചിറ പള്ളി
പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് തുറന്ന് നൽകിയതിനെ തുടർന്ന് യാക്കോബായ വിഭാഗം ഇന്നലെ ഉച്ചയോടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.

സുപ്രീംകോടതി വിധി ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിൽ ശനിയാഴ്‌ച പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് തുറന്ന് നൽകിയതിനെ തുടർന്ന് യാക്കോബായ വിഭാഗം ഇന്നലെ ഉച്ചയോടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതിനെതുടർന്ന് പൊലീസ് ലാത്തി വീശി. രാത്രി ഏറെ വൈകി നടന്ന ചർച്ചകൾക്കൊടുവിൽ യാക്കോബായ വിശ്വാസികളെ പള്ളിയിൽ പ്രാർത്ഥന നടത്താൻ ജില്ലാ ഭരണകൂടം അനുവദിച്ചു. പള്ളിയിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ഓർത്തഡോക്‌സ് വിഭാഗം പുരോഹിതനും സമാധാനപരമായി പ്രാർത്ഥന നടത്തിയ യാക്കോബായ വിഭാഗം വിശ്വാസികൾക്കും കലക്ടർ നന്ദി അറിയിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.