ആലപ്പുഴ: തൃകാർത്തികയോട് അനുബന്ധിച്ച് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ച കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തിയ ചടങ്ങില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ന്നു. ദേവിയെ ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ കിഴക്കോട്ട് ദര്‍ശനമായി ഇരുത്തിയശേഷം ദേവിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ചക്കുളത്തുകാവില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞടങ്ങി - CHAKKULATHUKAAVU
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തിയ ചടങ്ങില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ന്നു
സ്തംഭം കത്തിയമരുമ്പോള്‍ തിന്മയുടെ മേല്‍ നന്മ വിജയം കൈവരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തരെ പ്രവേശിപ്പിക്കാന്‍ കടുത്ത നിയന്ത്രണമുണ്ടായെങ്കിലും കാര്‍ത്തിക പൊങ്കാലയിലും ഉച്ചദീപാരാധനയിലും കാര്‍ത്തിക സ്തംഭം കത്തിക്കലിലും നിരവധി ഭക്തര്‍ പങ്കെടുത്തിരുന്നു. ചക്കുളത്തമ്മയ്ക്ക് നിവേദ്യം അര്‍പ്പിക്കാന്‍ ഒരാണ്ടുകൂടി കാത്തിരിക്കണമെന്ന മനോവ്യഥയിലാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
ആയിരങ്ങള്‍ അടുപ്പുകൂട്ടിയിരുന്ന തകഴി-തിരുവല്ല, പൊടിയാടി-മാവേലിക്കര, നീരേറ്റുപുറം-കിടങ്ങറ, എടത്വാ-വീയപുരം, തിരുവല്ല-ചെങ്ങന്നൂര്‍ റോഡുകള്‍ വിജനമായിരുന്നു. പൊതുജന പങ്കാളിത്തമില്ലെങ്കിലും ക്ഷേത്രട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ക്ക് മാറ്റമില്ലാതെയാണ് കാര്‍ത്തിക പൊങ്കാലയും തുടര്‍ന്നുള്ള ചടങ്ങുകളും നടത്തിയത്. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, പള്ളിക്കല്‍ സുനില്‍, ഹരിക്കുട്ടന്‍ നമ്പൂതിരി, പിആര്‍ഒ സുരേഷ് കാവുംഭാഗം, അജിത്ത് കുമാര്‍ പിഷാരത്ത്, ക്ഷേത്ര ഉത്സവകമ്മറ്റി സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ കാര്‍ത്തിക സ്തംഭം കത്തിക്കലിന് നേതൃത്വം നല്‍കി.