ആലപ്പുഴ :കെ.എസ്.ആര്‍.ടി.സി തൊഴിലാളികൾ ആഹ്വാനം ചെയ്ത സമരത്തിൽ തൊഴിലാളികൾക്ക് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകത്ത് എവിടെയായാലും തൊഴിലാളികൾ ജോലി ചെയ്താൽ കൂലി ചോദിക്കും. എല്‍.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യും.
ശമ്പളം ചോദിക്കുന്നത് തെറ്റല്ല. ഒന്നാം തീയതി കിട്ടിയില്ലെങ്കിൽ 15ാം തിയതി എങ്കിലും ശമ്പളം കിട്ടണം. അതിനെ രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല. സമരം ചെയ്ത് തന്നെയാണ് തൊഴിലാളികൾ ഇക്കാലമത്രയും അവകാശങ്ങൾ നേടിയെടുത്തത്. സർക്കാർ അത് പരിശോധിച്ച് അതിലെ ശരി തെറ്റുകൾ വേര്‍തിരിക്കുമെന്നും കാനം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സി സമരം : തൊഴിലാളികൾക്ക് പിന്തുണയുമായി കാനം രാജേന്ദ്രൻ Also Read: വർഗീയ കക്ഷികൾ ഏറ്റുമുട്ടുന്നിടത്ത് സർക്കാരിനെന്ത് കാര്യം? പാലക്കാട് ഇരട്ടക്കൊലയിൽ കാനം
കെ.എസ്.ഇ.ബി സമരത്തെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ സമരവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. കെ.എസ്,ഇ.ബിയിലേത് ഉദ്യോഗസ്ഥർ നടത്തുന്ന സമരമാണ്. വിഷയത്തിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും സമരക്കാരുമായി ചർച്ച നടത്തുന്നുണ്ട്. ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാനം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമാണ്. അതിന് കഴിയുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണിച്ചതാണ്. കേരളത്തിൽ ബി.ജെ.പിയുടെ സാന്നിധ്യമില്ലാതാക്കിയാണ് എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. ഇനിയും ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കുമെന്ന് ചോദിച്ച് ആരുടെയും പിന്നാലെ പോകേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.