ആലപ്പുഴ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ നിര്‍ദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരിനാഥനാണെന്ന തരത്തില്‍ വാട്‌സ്ആപ്പ് ചാറ്റുകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്ന പേരിലാണ് വാട്‌സ്ആപ്പ് ചാറ്റുകൾ പ്രചരിക്കുന്നത്. ശബരിനാഥന്‍ പ്രവർത്തകർക്ക് നിർദേശം നൽകുന്ന തരത്തിലുള്ള വാട്‌സ്‌ആപ്പ് സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കാന്‍ നിർദേശം നൽകിയത് കെ.എസ് ശബരിനാഥനോ; വാട്‌സ്ആപ്പ് ചാറ്റുകൾ സോഷ്യല്‍ മീഡിയയില്‍ - കെ എസ് ശബരിനാഥന്‍
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്ന പേരിലാണ് വാട്‌സ്ആപ്പ് ചാറ്റുകൾ പ്രചരിക്കുന്നത്.
കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ വിപി ദുല്‍ക്കിഫില്‍ അടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെടുന്ന വാട്‌സ്‌ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്. സ്ക്രീൻഷോട്ട് പുറത്തുവന്നെങ്കിലും ഇക്കാര്യത്തില്‍ ഇനിയും യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. അതേസമയം ചിന്തർ ശിബിറിന് ശേഷം യൂത്ത് കോൺഗ്രസില്‍ സംഭവിച്ച ഗ്രൂപ്പ് പോരാണ് ഇത്തരം സ്ക്രീൻ ഷോട്ടുകൾക്ക് പിന്നിലെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കേസന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളെ സംബന്ധിച്ചും അന്വേഷണമുണ്ടായേക്കും.