ആലപ്പുഴ: തടങ്കല്‍ പാളയങ്ങള്‍ നിർമിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയയുടെയും വിവിധ മഹല്ലുകളുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം. ഫലസ്‌തീനികൾക്ക് രാജ്യത്ത് ജീവിക്കാനാവാത്ത സ്ഥിതിപൊലെ ഇന്ത്യയെ മാറ്റാനാണ് ശ്രമം. എന്‍പിആറും എന്‍ആര്‍സിയും പരസ്പര ബന്ധിതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യുവത്വം പ്രതികരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ കാണുന്നത്. നേതാക്കളില്ലാത്ത ഈ സമരത്തില്‍ ഓരോരുത്തരും നേതാക്കളാണെന്നും കെമാല്‍ പാഷെ പറഞ്ഞു.
അധികാര രാഷ്ട്രീയം മതം മറയാക്കിയതിൻ്റെ അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അയോധ്യ കേസിലെ വിധി വന്നപ്പോള്‍ നാടിൻ്റെ നന്മക്കായാണ് ജനങ്ങള്‍ മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധന സമയത്തും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും പൗരത്വ നിയമ ഭേഗഗതി മുസ്ലീംകളെ മാത്രമല്ല ബാധിക്കുകയെന്നും ഇത് മനസിലാക്കിയാണ് എല്ലാ മതവിശ്വാസികളും ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.