ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആർ ഗൗരിയമ്മ നേതൃത്വം നൽകുന്ന ജനാധിപത്യ സംരക്ഷണ സമിതിയിൽ വീണ്ടും തർക്കം. ഇടതുമുന്നണിയോടൊപ്പം തുടരണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ശക്തമായതോടെയാണ് സംസ്ഥാന സമിതിയിലെ നേതാക്കൾ ഇരുവിഭാഗമായി ചേർന്ന് പിളർപ്പിലേക്ക് എത്തി നിൽക്കുന്നത്.
ജെ.എസ്.സ് പിളർപ്പിലേക്ക്; സംസ്ഥാന പ്രസിഡൻ്റിനെ പുറത്താക്കി - ആലപ്പുഴ
ഇടതുമുന്നണിയോടൊപ്പം തുടരണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ശക്തം. നിലവിലെ സംസ്ഥാന പ്രസിഡൻ്റ് എ.എൻ രാജൻബാബുവന് പകരം ടി.കെ സുരേഷാണ് പുതിയ പ്രസിഡൻ്റ്.
ഇടതുമുന്നണിയിൽ തുടരണമെന്ന് വാദിക്കുന്ന സംസ്ഥാന സമിതി അംഗങ്ങൾ യോഗം ചേർന്ന് നിലവിലെ സംസ്ഥാന പ്രസിഡൻ്റ് എ.എൻ രാജൻബാബുവിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഗൗരിയമ്മയുടെ വിശ്വസ്‌തനും ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്തുന്ന നേതാവുമായ ടി.കെ സുരേഷാണ് പുതിയ സംസ്ഥാന പ്രസിഡൻ്റ്. 53 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ എട്ട് സംസ്ഥാന സെൻ്റർ അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഗൗരിയമ്മയുടെ അനുവാദത്തോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതെന്നാണ് ഇവരുടെ വാദം. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന തർക്കമാണ് ജെ.എസ്.എസിൽ വീണ്ടും പൊട്ടിത്തെറിക്ക് ഇടയാക്കിയത്. നിലവിൽ ഇടതുമുന്നണിയുമായി സഹകരിക്കുന്ന നേതാക്കളാണ് ആലപ്പുഴയിൽ യോഗം ചേർന്നത്. യു.ഡി.എഫിലേക്ക് തിരിച്ചുപോകണമെന്ന വാദം ഉന്നയിക്കുന്ന രാജൻ ബാബു വിഭാഗത്തിൽ നിന്ന് അഞ്ച് സ്ഥാനാർഥികൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. ഇതിനെതിരെ മറുവിഭാഗം ഗൗരിയമ്മക്ക് പരാതി നൽകിയിരുന്നു. ഗൗരിയമ്മയുടെ അനുവാദത്തോടെയാണ് യോഗം ചേർന്നതെന്നും യോഗ തീരുമാനം ഗൗരിയമ്മയെ അറിയിച്ചതായും ജെ.എസ്.എസ് നേതാക്കൾ വ്യക്തമാക്കി.