കേരളം

kerala

ETV Bharat / state

സഭാതർക്കം; വയോധികയുടെ മൃതദേഹം എട്ട് ദിവസത്തിന് ശേഷം സംസ്‌കരിച്ചു - jacobite-orthodox conflict

സഭാ പ്രതിനിധികള്‍ ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്

orthodox

By

Published : Jul 11, 2019, 3:15 PM IST

Updated : Jul 11, 2019, 11:52 PM IST

ആലപ്പുഴ: കായംകുളത്ത് യാക്കോബായ - ഓർത്തഡോക്സ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ വൈകിയ മറിയാമ്മയുടെ മൃതദേഹം സംസ്കരിച്ചു. മരിച്ച് എട്ട് ദിവസം കഴിഞ്ഞാണ് സംസ്കാരം നടത്തിയത്. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കാദീശാ ഓര്‍ത്തഡോക്‌സ് സെമിത്തേരിക്ക് സമീപത്തെ യാക്കോബായ സഭാ ഭൂമിയിലാണ് കറ്റാനം പള്ളിക്കൽ കോയിക്ക വടക്ക് ജംഗ്ഷനിൽ കോട്ടയിൽ വീട്ടിൽ മറിയാമ്മ ഫിലിപ്പിന് അന്ത്യ വിശ്രമം ഒരുക്കിയത്. സഭാ പ്രതിനിധികള്‍ ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്.

സഭാതർക്കം; വയോധികയുടെ മൃതദേഹം എട്ട് ദിവസത്തിന് ശേഷം സംസ്‌കരിച്ചു

കാദീശാ യാക്കോബായ പള്ളിയിടവകയിൽ പെട്ടവർ മരിച്ചാൽ സംസ്കരിക്കുന്നത് കായംകുളം കാദീശ ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിലാണ്. എന്നാൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കുന്ന വൈദികന് മാത്രമേ ശുശ്രൂഷകൾ നടത്തുവാൻ കഴിയുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവ് ഉണ്ടെന്നും ഈ ഉത്തരവ് പ്രകാരം മാത്രമേ ശുശ്രൂഷകൾ നടത്തുവാൻ കഴിയുകയുള്ളൂവെന്നും ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തു. ഇതോടെ മൃതദേഹം സംസ്കരിക്കാന്‍ എട്ട് ദിവസത്തോളം വൈകി. ഇതിനെതിരെ യാക്കോബായ വിഭാഗം ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ന്യൂനപക്ഷ കമ്മിഷനും ഇടപെടുകയും ചെയ്‌തു.

മൃതദേഹം ഉടന്‍ സംസ്‌കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച രാത്രി തന്നെ ജില്ലാ കലക്‌ടറുമായി യാക്കോബായ വിഭാഗം ചര്‍ച്ച നടത്തുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് സംസ്‌കാരം നടത്തുവാന്‍ തീരുമാനിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ കാലതാമസം വരുത്തുമെന്ന് ഉറപ്പായ ഘട്ടത്തിൽ യാക്കോബായ സഭ മറ്റൊരു ആവശ്യത്തിനായി നീക്കിവെച്ച ഭൂമി ശവസംസ്കാരത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ പ്രത്യേകം തയ്യാറാക്കിയ കല്ലറക്ക് സമീപമാണ് അന്ത്യശുശ്രൂഷകൾ നൽകി, സംസ്കാരം നടത്തിയത്. കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തെവോ ദോസിയോസ്, മലബാർ ഭദ്രാസനാധിപൻ സക്കറിയാസ് മോർ പോളീക്കാർപ്പസ് എന്നിവർ അന്ത്യശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Last Updated : Jul 11, 2019, 11:52 PM IST

ABOUT THE AUTHOR

...view details