സ്രവ പരിശോധനകളുടെ എണ്ണം കൂട്ടും: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ കണ്ടെത്തും - കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ
പ്രതിദിനം പരിശോധിക്കുന്ന സ്വാബുകളുടെ എണ്ണം 400 ആക്കി ഉയർത്താനും യോഗത്തിൽ തീരുമാനമായി.
ആലപ്പുഴ:ജില്ലയിൽ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ കണ്ടെത്തും. ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാക്കാൻ സാധ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ ജില്ലാ കലക്ടർ നിർദേശം നൽകി. കലക്ടറേറ്റില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. വരും ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാവും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ കണ്ടെത്തുക.
പ്രതിദിനം പരിശോധിക്കുന്ന സ്വാബുകളുടെ എണ്ണം 400 ആക്കി ഉയർത്താനും യോഗത്തിൽ തീരുമാനമായി. കൊവിഡ് കെയർ സെന്‍റർ, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ എന്നിവിടങ്ങളിലെ ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, അതിഥി തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സ്വാബുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും കലക്ടർ നിർദേശിച്ചു.
സ്വാബ് പരിശോധനകൾ വർധിപ്പിക്കുന്നതിനായി ക്യാബിൻ സൗകര്യമുള്ള 25 വാഹനങ്ങൾ ഉടൻ സജ്ജീകരിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിൽ ക്യാബിൻ തിരിച്ച വാഹനങ്ങൾ സജീകരിക്കും.
ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് വേണ്ടി ജില്ലയിലെ ഡ്രോപ്പിംഗ് പോയിന്‍റുകളായ ചേർത്തല, ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ പ്രത്യേകം ടാക്സി സർവീസുകൾ എർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരിൽ നിന്നും ഡ്രൈവറുടെ സീറ്റ് ക്യാബിൻ തിരിച്ചതായിരിക്കണം. ഈ സ്ഥലങ്ങളിൽ കൂടുതൽ ടാക്സി വാഹനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ആർ.ടി.ഓയ്‌ക്ക് നിർദേശം നൽകി. കൃത്യമായ ഇടവേളകളിൽ ടാക്സി ഡ്രൈവർമാരുടെ സ്വാബ് പരിശോധിക്കാനും കലക്ടർ നിർദേശിച്ചു.
ജില്ല പൊലീസ് മേധാവി പി.എസ് സാബു, എ.ഡി.എം. ജെ. മോബി, ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ഡി.എം.ഒ. ഡോ.എൽ. അനിതകുമാരി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.