ആലപ്പുഴ:ഭർത്താവിൻ്റെ ക്രൂര മർദനത്തിൽ ഭാര്യക്ക് ദാരുണാന്ത്യം. കരുവാറ്റ സ്വദേശി കമലമ്മ (49)യാണ് മരിച്ചത്. സംഭവത്തിനുശേഷം ബന്ധുവീട്ടിലായിരുന്ന പ്രതി വിജയപ്പനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
മദ്യ ലഹരിയിൽ ഭർത്താവിൻ്റെ മർദനം; ഭാര്യക്ക് ദാരുണാന്ത്യം - ആലപ്പുഴ
കരുവാറ്റ സ്വദേശി കമലമ്മ (49)യാണ് മരിച്ചത്. നാഭിക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കമലമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വ്യാഴാഴ്‌ച രാത്രിയാണ് മദ്യലഹരിയിൽ വിജയപ്പൻ കമലമ്മയെ ക്രൂരമായി മർദിച്ചത്. നാഭിക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കമലമ്മയെ വെള്ളിയാഴ്‌ച രാവിലെ പ്രദേശവാസികൾ മാവേലിക്കര ഗവൺമെൻ്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായതോടെ തിങ്കളാഴ്‌ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
ഹോട്ടൽ തൊഴിലാളി ആയിരുന്ന വിജയപ്പനും ഭാര്യ കമലമ്മയും മാത്രമായിരുന്നു വീട്ടിൽ താമസം. പതിവായി മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ മർദിക്കുമായിരുന്നു. അയൽക്കാരെയടക്കം അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നതിനാൽ വഴക്കുണ്ടായാൽ ആരും വീട്ടിലേക്ക് ചെല്ലാറില്ലെന്ന് അയൽവാസികൾ പറഞ്ഞു.