ആലപ്പുഴ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കി. ജില്ലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന അറിയിപ്പും നേരത്തെ നൽകിയിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി 17 പേരുള്ള എൻഡിആർഎഫ് ടീം ഇന്ന് ജില്ലയിലെത്തി. എൻഡിആർഎഫ് ടീം പ്രശ്ന സാധ്യതയുള്ള കടലോര മേഖലകൾ സന്ദർശിച്ചു. കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴീക്കൽ മേഖലകളിലാണ് സംഘം ഇന്ന് സന്ദർശനം നടത്തിയത്. വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് മേഖലയും ടീം സന്ദർശിക്കും
ബുറെവി ചുഴലിക്കാറ്റ്; കനത്ത ജാഗ്രതയുമായി ആലപ്പുഴ ജില്ലാ ഭരണകൂടം
കേന്ദ്ര ദുരന്തനിവാരണ സേനയുടെ 17 പേർ അടങ്ങുന്ന സംഘം ജില്ലയിലെത്തി. സംഘം കടല്‍ക്ഷോഭ സാധ്യതയുള്ള വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി.
കാര്‍ത്തികപ്പള്ളി, വലിയ അഴീക്കല്‍, ആറാട്ടുപുഴ മേഖലകളില്‍ സ്ഥിതി വിലയിരുത്തി. ജില്ലയിൽ പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ അഞ്ച് വരെ വൈകുന്നേരം നാലു മണി മുതല്‍ രാവിലെ എട്ടു മണിവരെ തീരത്തോടു ചേര്‍ത്ത് നിര്‍ത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ശിക്കാര വള്ളങ്ങളിലുള്ള യാത്ര ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ അഞ്ചു വരെ പൂര്‍ണമായും നിര്‍ത്തിവെക്കും. ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളില്‍ ചെറുതും വലുതുമായ വള്ളങ്ങളിലുള്ള കായല്‍ യാത്ര പൂര്‍ണമായി നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ജില്ലാ പോര്‍ട്ട് ഓഫീസർ, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവര്‍ ഉറപ്പുവരുത്തും. മത്സ്യ ബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. മത്സ്യ ബന്ധനത്തിന് പോയവര്‍ ഏറ്റവും അടുത്ത സുരക്ഷിത തീരങ്ങളില്‍ എത്താനും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കടല്‍ത്തീരത്തെ വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും സുരക്ഷിത ദുരത്തേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഫിഷറീസ്, മല്‍സ്യഫെഡ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ ഫോഴ്സ്, പോര്‍ട്ട്, റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ക്ക് ദുരന്തനിവാരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ള മത്സ്യതൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പൊലീസും ഉറപ്പുവരുത്തണം. മടങ്ങിയെത്താതെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ വിവരം അടിയന്തരമായി ആലപ്പുഴ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. (1077, 0477 2238630, 04772236831). ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ അവലോകന യോഗം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയ ജില്ലകലക്ടറുടെ അധ്യക്ഷതയില്‍ കൂടുകയും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലയിലെ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ജില്ലയില്‍ ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 418 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.