ആലപ്പുഴ :കിഴക്കിന്‍റെ വെനീസെന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. കായല്‍ ടൂറിസത്തിന് പേരുകേട്ട ആലപ്പുഴയിലേക്ക് എത്തുന്ന സഞ്ചാരികളെ ചരിത്രവും പൈതൃകവും നിറഞ്ഞ തീർഥാടന കേന്ദ്രങ്ങൾ ഏറെ ആകർഷിക്കാറുണ്ട്.
ക്രിസ്തീയ പൈതൃകവും കുട്ടനാടിന്‍റെ പെരുമയും സമന്വയിക്കുന്ന ഇടമാണ് വിശുദ്ധ ചാവറയച്ചൻ സേവനം ചെയ്ത ഇടവക കൂടിയായ പുളിങ്കുന്ന് സെന്‍റ് മേരീസ് ദേവാലയം.
പൈതൃകവും ടൂറിസവും ഒത്തുചേരുന്ന തീർഥാടന കേന്ദ്രമായി പുളിങ്കുന്ന് പള്ളി അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ പള്ളി നാല് തവണ പുതുക്കി പണിതു. റോമൻ - കേരളീയ വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന ഈ ദേവാലയത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പല വസ്തുക്കളും രേഖകളും സൂക്ഷിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരുമ്പിന്‍റെ പിരിയൻ ഗോവണി, തടിയിൽ നിർമിച്ച കുമ്പസാര കൂടുകൾ, അൾത്താരയിലെ കൊത്തുപണികൾ എന്നിവയെല്ലാം ഈ പള്ളിയുടെ പ്രത്യേകതയാണ്.
ALSO READ:എന്തുരസമാണീ ഇരട്ടച്ചിരി കാണാൻ...! ഇരട്ടക്കുട്ടികളാല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സ്കൂളിന്‍റെ വിശേഷങ്ങള്‍
2019ലെ പ്രളയകാലത്ത് പ്രദേശവാസികളുടെ അഭയകേന്ദ്രമായിരുന്നു പുളിങ്കുന്ന് പള്ളി. സിമ്പു - തൃഷ പ്രണയ ജോഡികൾ തകർത്തഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം 'വിണ്ണൈ താണ്ടി വരുവായ' ഉൾപ്പടെ പല സിനിമകളിലും പള്ളി പ്രധാനഭാഗമായതോടെ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചതായി ഇടവക വികാരി ഫാദർ മാത്യു പുത്തനങ്ങാടി പറയുന്നു.
കാലപ്പഴക്കവും ഭൂമിശാസ്ത്രപരമായ ഘടനയും മൂലം പള്ളി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി പള്ളി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇടവക അധികൃതർ.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന തീർഥാടന ടൂറിസം പദ്ധതിക്ക് അനിയോജ്യമായ ഇടങ്ങളിൽ ഒന്നാണ് ഈ ദേവാലയം. ആ രീതിയിൽ കൂടി പള്ളിയെ മാറ്റിയെടുത്താൽ കൂടുതൽ സാധ്യതകളാണ് പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് മുന്നിൽ തുറന്നുവരുന്നത്.