കേരളം

kerala

ETV Bharat / state

കനത്തമഴ തുടരുന്നു ; കുട്ടനാട്ടിലെ ജനവാസ മേഖലകളില്‍ വെള്ളംകയറി

കനത്ത മഴയെത്തുടര്‍ന്ന് അപ്പർ കുട്ടനാട്, ലോവർ കുട്ടനാട് പ്രദേശങ്ങളിലും ആലപ്പുഴ നഗരത്തിന്‍റെ പലയിടങ്ങളിലും വെള്ളക്കെട്ട്

കനത്തമഴ  കുട്ടനാട്ടിലെ ജനവാസ മേഖല  ആലപ്പുഴ നഗരം  ALAPPUAZHA TOWN  Heavy rains continuing  Heavy rains  The inhabited area  Kuttanad  underwater
കനത്തമഴ തുടരുന്നു; കുട്ടനാട്ടിലെ ജനവാസ മേഖലയില്‍ വെള്ളംകയറി

By

Published : Oct 16, 2021, 4:11 PM IST

Updated : Oct 16, 2021, 4:38 PM IST

ആലപ്പുഴ : ജില്ലയുടെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് അപ്പർ കുട്ടനാട്, ലോവർ കുട്ടനാട് പ്രദേശങ്ങളിലും ആലപ്പുഴ നഗരത്തിന്‍റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആലപ്പുഴ - ചങ്ങനാശേരി എ.സി റോഡിൽ പലയിടത്തും വെള്ളം കയറി.

കനത്തമഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ ജനവാസ മേഖലകളില്‍ വെള്ളംകയറി.

കുട്ടനാട്ടില്‍ മഴ ഇനിയും തുടര്‍ന്നാല്‍ എ.സി റോഡിന്‍റെ പരിസരത്തുള്ള കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലയിലും ശക്തമായ മഴ തുടരുകയാണ്.

അടുത്ത മൂന്ന് മണിക്കൂറില്‍ ജില്ലയിൽ ഇടിയോട് കൂടിയ മഴയ്ക്കും‌ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം

ശക്തമായ കാറ്റും കടല്‍ പ്രക്ഷുബ്‌ധമാകാനുള്ള സാധ്യതയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കർശന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയാണ്. പമ്പ, മണിമല, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞു.

കരപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുന്നതും ഉൾനാടൻ മേഖലയിൽ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കി വിടാൻ തോട്ടപ്പള്ളി സ്‌പില്‍വേയുടെ 40 ഷട്ടറുകളിൽ 35 എണ്ണവും തുറന്നു.

ALSO READ:ദുരിതപെയ്‌ത്തിൽ കോട്ടയം മുങ്ങി, വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; റെഡ് അലർട്ട്

ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് മഴശക്തമായതോടെ ഓറഞ്ച് അലർട്ടായി ഉയർത്തിയിട്ടുണ്ട്. വിവിധയിടങ്ങളിലായി 10 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ തുറന്നത്. ഇവിടങ്ങളിൽ 34 കുടുംബങ്ങളിൽ നിന്ന് 111 പേരെ മാറ്റി പാർപ്പിച്ചു.

കൊവിഡ് സാഹചര്യം കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് അധികൃതർ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.

ജില്ലയിൽ ഇതുവരെ ആളപായമോ അപകടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ല ഭരണകൂടവും പൊലീസും അഗ്നിശമന സേനയും സുസജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

Last Updated : Oct 16, 2021, 4:38 PM IST

ABOUT THE AUTHOR

...view details