ആലപ്പുഴ:ചേർത്തലയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വിലവരുന്ന ഹാൻസ് പിടികൂടി. ലോറി ജീവനക്കാരും സേലം സ്വദേശികളുമായ അരുൾ, രാജേന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയിൽ ചേർത്തല അർത്തുങ്കൽ ബൈപ്പാസിന് സമീപത്തുവച്ച് പുലർച്ചെ ഒന്നരയോടെയാണ് ലോറി പിടിച്ചെടുത്തത്. ലോറിയുടെ ഏറ്റവും അടിയിലായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റുകളടങ്ങിയ 100 ചാക്ക് ഹാൻസ് ആണ് പൊലീസ് കണ്ടെടുത്ത്. 280ഓളം ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് അടിയിലായി ഹാൻസ് മറച്ചുവച്ച നിലയിലായിരുന്നു.
ALSO READ:ഏറ്റുമാനൂരിൽ പരിഭ്രാന്തി പരത്തി ഹെലികോപ്‌റ്റര്‍ താഴ്ന്ന് പറന്നു ; നാശനഷ്ടം
ഒന്നര ലക്ഷത്തോളം ഹാൻസ് പാക്കറ്റുകളാണുണ്ടായിരുന്നതെന്നും ഇവയ്ക്ക് ഒരു കോടിയിലേറെ രൂപ വിലവരുമെന്നും ചേർത്തല ഡി.വൈ.എസ്.പി ടി.ബി വിജയൻ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക സൂചന.
ചേർത്തല ഡി.വൈ.എസ്.പി ടി.ബി വിജയൻ, സി.ഐ വിനോദ് കുമാർ എന്നിവരുടെ നേത്യത്വത്തിലാണ് തമിഴ്‌നാട് രജിസ്ട്രേഷൻ ലോറി പിടിച്ചെടുത്തത്. പിടിയിലായ ലോറി ജീവനക്കാർ കടത്തിക്കൊണ്ട് പോകുന്നവർ മാത്രമാണെന്നാണ് സൂചന. ആലപ്പുഴയിൽ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമായിട്ടില്ല. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്ന വൻ റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ചേർത്തല ഡി.വൈ.എസ്.പി. പറഞ്ഞു.