ആലപ്പുഴ: സർക്കാർ ഓഫീസുകൾ ജനസൗഹൃദമാക്കി മാറ്റിയാൽ പദ്ധതി പ്രവർത്തനങ്ങൾ നൂറു ശതമാനം വിജയത്തിലാകുമെന്നു ഭക്ഷ്യ പൊതു വിതരണ മന്ത്രി പി. തിലോത്തമൻ. പദ്ധതി ആസൂത്രണം മാത്രമല്ല നിർവഹണത്തിന് കൂടി പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കുള്ള സേവനം ഉറപ്പാക്കുകയും വേണം. ജീവനക്കാർ ചിട്ടയായി തന്നെ പ്രവർത്തനങ്ങളെ കാണണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകൾ ജനസൗഹൃദമാകണം: മന്ത്രി പി. തിലോത്തമൻ - ആലപ്പുഴ വാര്‍ത്തകള്‍
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു
ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാ മധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് മന്ത്രിയില്‍ നിന്നും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. സർട്ടിഫിക്കറ്റ് പ്രഖ്യാപനത്തിന് പുറമെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് വിവര ശേഖരണത്തിന്‍റ് ഉദ്‌ഘാടനം, ഹരിത കർമ സേനയിലൂടെ പ്ലാസ്റ്റിക് നിരോധനം, വനിതാ ഗ്രൂപ്പുകൾക്കുള്ള കിഴങ്ങുവർഗ വിതരണം, വനിതാ കയർപിരി ഗ്രൂപ്പിനുള്ള ധനസഹായ വിതരണം, ജീവനി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ലൈഫ് മിഷൻ കുടുംബ സംഗമത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സെന്‍റ്. മൈക്കിൾസ് കോളജിലെ എൻ.സി.സി കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു.