ആലപ്പുഴ: അധികാരത്തിലെത്തി നാലുവർഷം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ 54,000 കോടി രൂപയുടെ പദ്ധതികൾ സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ഇഎംഎസ് ഗ്രൗണ്ടിൽ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡ്) വഴി നടക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ജില്ലാതല പ്രദർശനം 'കേരള നിര്‍മിതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളിതുവരെ കാണാത്ത വികസന മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ പരിശോധനാ സംവിധാനമുള്ള കിഫ്ബിക്കെതിരെ നടക്കുന്ന ആക്ഷേപങ്ങളില്‍ പൊതുജന താല്‍പര്യം തീരെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 250 പദ്ധതികൾ സംസ്ഥാനത്ത് പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ആലപ്പുഴയിൽ മാത്രം അനുമതി നൽകിയത് 86 പദ്ധതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുവർഷത്തിനുള്ളില്‍ 54,000 കോടി രൂപയുടെ പദ്ധതികൾ സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി - cm on kifbi
വലിയ വികസന മുന്നേറ്റമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ഭാഗം കിഫ്ബിയുടെ സാമ്പത്തിക സ്രോതസ് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. പൊതുജനാരോഗ്യ രംഗം, പൊതു വിദ്യാഭ്യാസ രംഗം എന്നിവയുടെ വികസനത്തിന് കിഫ്ബി വഴി പണം ചെലവഴിക്കുന്നു. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ കുറേക്കൂടി മെച്ചപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. വ്യവസായ മേഖലയില്‍ ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെയുള്ളവയ്ക്ക് സഹായം നൽകുന്നു. ഏറ്റെടുക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യക്തമായ ധാരണ കിഫ്ബിക്കുണ്ട്. ഫണ്ടുകളുടെ സമാഹരണത്തിലും വിനിയോഗത്തിലും സുതാര്യത പാലിക്കുന്നു. കിഫ്ബിയുടെ പരിശോധന സംവിധാനം കുറ്റമറ്റതാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടുകൾ ലിസ്റ്റ് ചെയ്യാൻ കഴിഞ്ഞതുതന്നെ വിദേശ ഏജന്‍സികള്‍ പോലും കിഫ്ബിയെ ശ്രദ്ധിക്കുന്നു എന്നതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.