ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട നേതാവ് മരട് അനീഷും സംഘവും മയക്കുമരുന്നുമായി ആലപ്പുഴയിൽ പിടിയിൽ. മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ പുന്നമടയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഹൗസ് ബോട്ടിൽ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് എത്തിയതായിരുന്നു സംഘം. മരട് അനീഷിനൊപ്പം കുപ്രസിദ്ധ ഗുണ്ടകളായ കരൺ, ഡോൺ അരുൺ എന്നിവരേയും പൊലീസ് പിടികൂടി.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസാണ് ഇവരെ പിടികൂടിയത്. പിടികൂടുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. അറസ്റ്റിനെ പ്രതിരോധിക്കാൻ പ്രതികൾ ശ്രമിച്ചത് പൊലീസുമായി ഉന്തും തള്ളിനും ഇടയാക്കി. തുടർന്ന് ഏറെ മൽപിടിത്തത്തിന് ശേഷമാണ് ഇവരെ പിടികൂടിയത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.