ആലപ്പുഴ:പാർട്ടി പരസ്യമായി ശാസിച്ച നടപടിയുമായ ബന്ധപ്പെട്ട വിഷയം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരൻ. സമ്മേളന കാലമായതിനാൽ കൂടുതൽ സജീവമായി തന്നെ പാർട്ടി പരിപാടികളിൽ പങ്കെടുക്കും. ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതെന്നും സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു. ആലപ്പുഴയിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് സംസാരിച്ചത്. സമ്മേളന കാലമായതിനാൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് സമ്മേളന നടപടി ക്രമങ്ങൾ പൂർത്തിയാകും.