ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംഘടനാ അജണ്ട വെച്ച് കൂടിയ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എംഎൽഎ കൂടിയായിരുന്ന ജി സുധാകരൻ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ഉണർന്നു പ്രവർത്തിച്ചില്ലെന്നും ആലപ്പുഴ മണ്ഡലത്തിൽ മുൻ മന്ത്രി തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നു എന്നുമാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമർശനം ഉന്നയിച്ചത്.
വിമർശനം തുടങ്ങി വച്ചത് എഎം ആരിഫ് എംപി
അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സർക്കാരും എംഎൽഎ എന്ന നിലയിൽ ജി സുധാകരനും നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച വികസന രേഖ പുറത്തിറക്കിയില്ല. എംഎൽഎയുടെ ഓഫീസിൽ നിന്നും ഇതുമായി ബന്ധപ്പെട്ട സഹായം ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനം ഉന്നയർന്നു. എഎം ആരിഫ് എംപിയാണ് ജി സുധാകരനെതിരായ വിമർശനം തുടങ്ങി വച്ചത്.
വികാരപരമായിരുന്നു എച്ച് സലാമിന്‍റെ ജില്ലാ കമ്മിറ്റിയിലെ പ്രതികരണം. കുടുംബയോഗങ്ങളിൽ ശരീരഭാഷയിലൂടെ പാർട്ടി സ്ഥാനാർഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു എന്നായിരുന്നു അമ്പലപ്പുഴയിലെ എംഎൽഎ എച്ച് സലാം ജി സുധാകരനെതിരെ ഉന്നയിച്ച വിമർശനം.
അമ്പലപ്പുഴയിൽ സീറ്റ് കിട്ടാത്തതിലെ അതൃപ്തി ജി സുധാകരൻ പല രീതിയിൽ പ്രകടമാക്കി. ഇതിന്‍റെ ഭാഗമായി സ്ഥാനാർഥിക്കെതിരായ രീതിയിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക് പോലും പോയി എന്നും വിമർശനം ഉയർന്നു.