ആലപ്പുഴ: കേരളത്തിന്‍റെ തീരപ്രദേശത്ത് മത്സ്യബന്ധനവും വിപണനവും നിരോധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സഹായം എത്തിക്കണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു).
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ - Urgent help
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ ഒരു സഹായവും ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
സംസ്ഥാന സർക്കാർ കഴിഞ്ഞ തവണ നൽകിയ സാമ്പത്തിക സഹായവും സൗജന്യ റേഷനും ഭക്ഷ്യധാന്യകിറ്റും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ കടലോര പ്രദേശത്തെ നിരവധി കേന്ദ്രങ്ങളിൽ കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന സാഹചര്യമാണ്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും വിപണന അനുബന്ധ മത്സ്യത്തൊഴിലാളികളും ആഴ്ചകളായി തൊഴിലിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മുൻകാലങ്ങളിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കാര്യമായ വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. ഇന്നത്തെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് സാമ്പത്തിക സഹായവും സൗജന്യറേഷനും ഭക്ഷ്യധാന്യക്കിറ്റുകളും മത്സ്യത്തൊഴിലാളികൾക്കും മത്സ്യ അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ആവശ്യപ്പെട്ടു.