കേരളം

kerala

ETV Bharat / state

ചെട്ടികാട് ആശുപത്രിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ധനമന്ത്രി - alappuzha

കിഫ്‌ബി അനുമതി ലഭിച്ച ചെട്ടികാട് ആശുപത്രിയുടെ നവീകരണത്തിന് 92.1 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് ധനമന്ത്രി.

Chettikad hospital  ചെട്ടികാട് ആശുപത്രി  vഡോ. ടി.എം തോമസ് ഐസക്ക്.  Finance Minister  alappuzha  ആലപ്പുഴ
ചെട്ടികാട് ആശുപത്രിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ധനമന്ത്രി

By

Published : Mar 9, 2020, 4:39 AM IST

ആലപ്പുഴ:ചെട്ടികാട് ആശുപത്രിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള നിർമിതി പ്രദർശനത്തിന്‍റെ ഭാഗമായി നടത്തിയ നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്‌ബി പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി അനുമതി ലഭിച്ച ചെട്ടികാട് ആശുപത്രിയുടെ നവീകരണത്തിന് 92.1 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ജില്ലയിലെ ഒമ്പത് കനാലുകളുടെ നവീകരണം സംബന്ധിച്ചും യോഗം ചർച്ച ചെയ്‌തു. മെയ് മാസത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നാല് കോടി രൂപ നീക്കി വെക്കുവാനും മന്ത്രി നിർദേശിച്ചു. ജില്ലയിൽ ആകെ 98 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തു നടത്തുന്നത്. ഇതിൽ 65 പദ്ധതികൾക്ക് അനുമതി നൽകി കഴിഞ്ഞു. 17 പദ്ധതികൾ പരിഗണനയിലാണ്. സ്‌കൂളുകളുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കിലയും കിഫ്ബിയും ചേർന്ന് 16 പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ജില്ലയിൽ കിഫ്ബി ഏറ്റെടുത്തിട്ടുള്ള 98 പദ്ധതികൾക്കായി 3886.34 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ജില്ലയിലെ മണ്ഡലം തിരിച്ചുള്ള ചർച്ചയാണ് യോഗത്തിൽ നടന്നത്. അരൂർ, ചെങ്ങന്നൂർ, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, കായംകുളം, ഹരിപ്പാട്, കുട്ടനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ കിഫ്ബി പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം വിശകലനം ചെയ്‌തു. 394.60 കോടിയുടെ 10 പദ്ധതികൾക്കാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ കിഫ്‌ബി അനുമതി നൽകിയിട്ടുള്ളത്. ചെങ്ങന്നൂരിന്‍റെ സ്വപ്‌ന പദ്ധതിയായ സ്റ്റേഡിയം നിർമാണത്തെക്കുറിച്ച് സജി ചെറിയാൻ എം.എൽ.എ മുന്നോട്ടുവെച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്‌തു. ഒമ്പത് പദ്ധതികളിലായി 296.58 കോടി രൂപയാണ് അരൂർ മണ്ഡലത്തിൽ കിഫ്‌ബി അനുവദിച്ചിരുന്നത്.

ചന്തിരൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് വേഗത്തിലാക്കണമെന്ന് എ.എം ആരിഫ് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. നെടുമ്പ്രക്കാട്, പെരുമ്പളം പാലം എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്‌തു. മാവേലിക്കരയെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതിയകാവ് - പള്ളിക്കൽ റോഡിന്‍റെ നിർമാണത്തിന് അനുമതി നൽകുന്നതിലെ തടസങ്ങൾ നീക്കണമെന്ന് ആർ. രാജേഷ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. 234.51 കോടിയുടെ 10 പദ്ധതികളാണ് മാവേലിക്കര മണ്ഡലത്തിൽ കിഫ്‌ബി അനുവദിച്ചിട്ടുള്ളത്.

76.90 കോടിയുടെ ഏഴ് പദ്ധതികൾ കായംകുളം മണ്ഡലത്തിലും, 128.11 കോടിയുടെ ഏഴ് പദ്ധതികൾ ഹരിപ്പാട് മണ്ഡലത്തിലും, 1150.74 കോടിയുടെ 27 പദ്ധതികൾ ആലപ്പുഴ മണ്ഡലത്തിലും, 151.48 കോടിയുടെ ഏഴ് പദ്ധതികൾ ചേർത്തല മണ്ഡലത്തിലും, 311.12 കോടിയുടെ ഒമ്പത് പദ്ധതികൾ അമ്പലപ്പുഴ മണ്ഡലത്തിലും, 585.94 കോടിയുടെ 10 പദ്ധതികൾ കുട്ടനാട് മണ്ഡലത്തിലും കിഫ്ബി അനുവദിച്ചിട്ടുണ്ട്. ധനമന്ത്രി അധ്യക്ഷത വഹിച്ച അവലോകന യോഗത്തിൽ എ.എം ആരിഫ് എം.പി, എം.എൽ.എ മാരായ ആർ. രാജേഷ്, സജി ചെറിയാൻ, ജില്ലാ കലക്‌ടർ എം. അഞ്ജന, കിഫ്‌ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details