ആലപ്പുഴ: അടുത്തവർഷം മുതൽ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ലാഭവിഹിതം മുഴുവൻ സംസ്ഥാനത്തെ ജലോത്സവങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. കലക്ട്രേറ്റിൽ നടന്ന അറുപത്തിയേഴാമത് ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ അടിയന്തര ഭരണസമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലാകലക്ടർ അധ്യക്ഷയായി നെഹ്റുട്രോഫിയുടെ പരാതിപരിഹാര സമിതി രൂപീകരിച്ചു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധ്യക്ഷയായ ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള, ആലപ്പുഴ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, റേസ് കമ്മിറ്റി കൺവീനർ ഹരൺബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സി.ബി.എൽ ലാഭവിഹിതം ജലോത്സവങ്ങൾക്കായി ചിലവഴിക്കുമെന്ന് ധനമന്ത്രി 81 ജലരാജാക്കന്മാരാണ് നെഹ്റുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ മൂന്ന് വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. വെപ്പ് എ വിഭാഗത്തിൽ പന്ത്രണ്ട് വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ആറ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, സി ഗ്രേഡ് വിഭാഗത്തിൽ നാല്, പതിനാറ്, പത്ത് വള്ളങ്ങളെന്ന ക്രമത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, നാല് ചുരുളൻ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 58 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. പ്രഥമ സി.ബി.എല് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്റുട്രോഫി ബോട്ട് റേസിന്റെ ഉദ്ഘാടനം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നിർവഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഒരു മണി മുതൽ രണ്ടുമണിവരെ നടക്കുന്ന ഡിസ്പ്ലേയ്ക്ക് ശേഷം രണ്ട് മണിക്ക് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.നെഹ്റു ട്രോഫിമുതൽ കൊല്ലം പ്രസിഡന്റ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉണ്ടാകുന്നത്. രാവിലെ ആരംഭിയ്ക്കുന്ന ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളും പ്രദർശന മത്സരങ്ങളും ഉൾപ്പടെയുള്ളവ 1മണിക്ക് മുമ്പ് അവസാനിക്കും. നാലു മുതൽ അഞ്ചു മണിവരെ സി.ബി.എൽ പ്രക്ഷേപണം ഉണ്ടായിരിക്കും. കഴിഞ്ഞ തവണ പ്രവർത്തിപ്പിച്ച മാഗ്നറ്റിക് സംവിധാനം നിശ്ചല സ്റ്റാർട്ടിങ്ങിന് ഉപയോഗിക്കും. ഫോട്ടോ ഫിനിഷിങ് സമ്പ്രദായവും തുടരും. മത്സരം പൂർത്തിയാകുന്ന നിമിഷം തന്നെ ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിലൂടെ മത്സര ഫലം എൽ.ഇ.ഡിയിലൂടെയും പ്രിന്റ് ഔട്ട് ആയും അറിയാൻ കഴിയും.