ആലപ്പുഴ: ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ആക്കി മാറ്റുന്ന മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ക്യാമലോട്ട് കൺവെൻഷൻ സെന്‍റർ ധനമന്ത്രി തോമസ് ഐസക് സന്ദർശിച്ചു. രോഗവ്യാപനം വർധിക്കുകയാണെങ്കിൽ രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെയും മറ്റു ഗുരുതര രോഗങ്ങൾ ഇല്ലാത്തവരെയും പ്രവേശിപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 200 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ക്യാമലോട്ട് കൺവെൻഷൻ സെന്‍റർ ധനമന്ത്രി തോമസ് ഐസക് സന്ദർശിച്ചു - Finance Minister Thomas Isaac
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ക്യാമലോട്ട് കൺവെൻഷൻ സെന്‍റർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ആക്കി മാറ്റുന്നതിനെ തുടർന്നായിരുന്നു സന്ദർശനം.
ഇവിടെ അഞ്ഞൂറിലധികം കിടക്കകൾ സജ്ജീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് നടത്തിപ്പ് ചുമതലയുള്ള നാഷണൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്‌ട് മാനേജർ ഡോ രാധാകൃഷ്‌ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യുവിനാണ് ക്യാമലോട്ട് കൺവെൻഷൻ സെന്‍ററിന്‍റെ മേൽനോട്ട ചുമതല.
ജില്ലയിലാകെ 95 കെട്ടിടങ്ങളിലായി 7252 കിടക്കകളാണ് ഫസ്റ്റ് ട്രീറ്റ്‌മെന്‍റ് സെന്‍ററിനായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പ്രവർത്തനസജ്ജമായിരിക്കുന്നത് 4313 കിടക്കകളാണ്. നിലവിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലെ 754 കിടക്കകളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.