ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്. സംസ്ഥാന സർക്കാർ ഇതുവരെ ഇന്ധനവില നികുതി വർധിപ്പിച്ചിട്ടില്ല. നികുതി വർധിപ്പിച്ചത് കേന്ദ്ര സർക്കാരാണ്. ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ മൂന്ന് മടങ്ങാണ് കേന്ദ്രം വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് - ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി
നികുതി വർധിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്നും ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ മൂന്ന് മടങ്ങാണ് കേന്ദ്രം വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു
ഇന്ധന വിലയുടെ നികുതി കേന്ദ്ര സർക്കാർ കുറയ്ക്കുന്നത് മൂലം സംസ്ഥാനത്തിന്‍റെ വരുമാനം കുറഞ്ഞാലും സഹിച്ചോളാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമാണ്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും എന്നാൽ ഇതിന്‍റെ നഷ്ടപരിഹാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും മന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
ആഴക്കടൽ മത്സ്യസബന്ധനത്തിന് കോർപ്പറേറ്റുകൾക്ക് അവസരം നൽകിയത് കോൺഗ്രസാണ്. ഒരു കോർപ്പറേറ്റ് കമ്പനിക്കും സംസ്ഥാന സർക്കാർ അവസരം നൽകില്ല. അതാണ് സർക്കാർ നിലപാട്. കോർപ്പറേറ്റുകൾക്ക് അവസരം നൽകിയ ശേഷം ബിജെപിയും കോൺഗ്രസും സംസ്ഥാന സർക്കാരിന് മേൽ കുതിരകയറുകയാണെന്നും മന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തി.