ആലപ്പുഴ :മകളുടെ വിവാഹ ദിവസം അച്ഛൻ വീടിന് തീകൊളുത്തി ആത്മഹത്യ ചെയ്‌തു. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ പെട്രോൾ ഒഴിച്ച് വീടിന് തീ വയ്ക്കുകയായിരുന്നു. വീട് ഭാഗികമായി കത്തി നശിച്ചു.
സുരേന്ദ്രന്‍റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് സമീപവാസികളാണ് കണ്ടത്. ഇവർ എത്തി അണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. സുരേന്ദ്രന്‍റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കാനിരിക്കുകയായിരുന്നു.
മുഹമ്മയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. ഏറെ നാളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ചിരുന്നു. മൂത്ത മകൾ സൂര്യയുൾപ്പടെ രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞുവന്നിരുന്നത്.
സുരേന്ദ്രൻ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി സുരേന്ദ്രന്‍റെ അമ്മ മുഹമ്മക്ക് പോയിരുന്നു. ഈ സമയത്താണ് സുരേന്ദ്രൻ തീ കൊളുത്തി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാഹ വീട്ടിൽ കൊലപാതകം : ഇക്കഴിഞ്ഞ ജൂണ്‍ 28ന് വർക്കലയിൽ വിവാഹ ദിവസം വധുവിന്‍റെ പിതാവിനെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയിരുന്നു. വർക്കല വടശ്ശേരിക്കോണത്ത് രാജുവായിരുന്നു കൊല്ലപ്പെട്ടത്. രാജുവിന്‍റെ മകൾ ശ്രീലക്ഷ്‌മിയുടെ വിവാഹ ദിവസമാണ് പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും അയൽവാസിയുമായ ജിഷ്‌ണുവും മറ്റ് മൂന്ന് പേരും ചേർന്ന് രാജുവിനെ കൊലപ്പെടുത്തിയത്.
ജൂണ്‍ 28ന് പുലർച്ചെയാണ് ജിഷ്‌ണു, സഹോദരൻ ജിജിൻ, ശ്യാം, മനു എന്നിവരടങ്ങുന്ന സംഘം രാജുവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ശ്രീലക്ഷ്‌മിയും ഇവരുടെ അയൽവാസിയായ ജിഷ്‌ണുവും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം ശ്രീലക്ഷ്‌മി പിന്നീട് അവസാനിപ്പിച്ചു.
ഇതിന് പിന്നാലെ ജിഷ്‌ണു കുടുംബാംഗങ്ങൾക്കൊപ്പവും ഒറ്റയ്‌ക്കും എത്തി പല തവണ ശ്രീലക്ഷ്‌മിയോട് വിവാഹ അഭ്യർഥന നടത്തിയിരുന്നു. എന്നാൽ ശ്രീലക്ഷ്‌മി ഇത് നിരസിച്ചു. പിന്നാലെ ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്ന് ശ്രീലക്ഷ്‌മിയെ ജിഷ്‌ണു ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
ALSO READ :Varkala murder | വിവാഹ വീട്ടില്‍ അരുംകൊല, കൊല്ലപ്പെട്ടത് വധുവിന്‍റെ പിതാവ്; മകളുടെ സുഹൃത്തും കൂട്ടാളികളും പിടിയില്‍
കല്യാണത്തോടനുബന്ധിച്ച് തലേദിവസം വീട്ടിൽ നടന്ന വിരുന്ന് സത്‌കാരം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയതിന് പിന്നാലെയാണ് അർധരാത്രി ഒരു മണിയോടെ ജിഷ്‌ണുവും സംഘവും ശ്രീലക്ഷ്‌മിയുടെ വീട്ടിലെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ടുവച്ച് ബഹളമുണ്ടാക്കിയ ഇവരെ രാജു ചോദ്യം ചെയ്‌തിരുന്നു.
ഇതിൽ പ്രകോപിതരായ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ പ്രതികൾ രാജുവിനെ മൺവെട്ടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ രാജുവിന്‍റെ ബന്ധുക്കൾക്കും സംഭവ സ്ഥലത്തുണ്ടായിരുന്ന അയൽവാസികൾക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടിച്ചുവച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്.