ആലപ്പുഴ:കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രധാന കണ്ണി എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്‍റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയില്‍. മാലിദ്വീപില്‍നിന്ന് എത്തിയപ്പോള്‍ തിങ്കളാഴ്‌ച രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അബിന്‍ ആണ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത്.
കേസില്‍ നിഖിൽ തോമസിന്‍റെ മൊഴി പ്രകാരം അബിൻ രണ്ടാം പ്രതിയാണ്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. നിഖില്‍ കായംകുളം എസ് എഫ് ഐയുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂര്‍ സ്വദേശിയായ അബിൻ പ്രസിഡന്‍റായിരുന്നു.
അബിൻ മാലിദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. നിഖില്‍ തോമസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിൻ രാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കവും പൊലീസ് തുടങ്ങി. അതിനിടെയാണ് പിടിയിലായത്.
അബിനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്തായതോടെ അബിൻ സി.രാജിനെ മാലിദ്വീപ് ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളുടെ സിമ്മും വര്‍ക്ക് പെര്‍മിറ്റും അധികൃതര്‍ റദ്ദാക്കി.
കായംകുളം എംഎസ്‌എം കോളജില്‍ ഹാജരാക്കിയ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ കഴിഞ്ഞ ദിവസമായിരുന്നു നിഖിലിന്‍റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. കലിംഗ സര്‍വകലാശാലയില്‍ നിന്നും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായതടക്കമുളള സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് എന്നിവ ഉള്‍പ്പെടെയാണ് പൊലീസ് കണ്ടെത്തിയത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം കോഴ്‌സിനാണ് നിഖില്‍ കായംകുളം കോളജില്‍ ചേര്‍ന്നത്. കായംകുളം മാര്‍ക്കറ്റ് റോഡിലുളള വീട്ടില്‍ പൊലീസ് നിഖിലുമായി നടത്തിയ തെളിവെടുപ്പിലാണ് സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്.
നേരത്തെ നിഖിലിന്‍റെ സുഹൃത്തും എസ്‌എഫ്‌ഐ കായംകുളം മുന്‍ ഏരിയ പ്രസിഡന്‍റുമായ അബിന്‍ സി രാജ് എറണാകുളം ഒറിയോണ്‍ ഏജന്‍സി വഴിയാണ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയതെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനായി രണ്ട് ലക്ഷം രൂപ നിഖില്‍ അബിന്‍റെ അമ്മയുടെ അക്കൗണ്ടിലേക്ക് നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തി.
ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അബിന്‍ രാജ് പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അബിനെ ചോദ്യം ചെയ്യുന്നതിലൂടെ ഒറിയോണ്‍ പോലെയുളള ഏജന്‍സികള്‍ വഴി നടത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റ് കച്ചവടത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും കരുതുന്നു.
കോട്ടയം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെ ബസില്‍ നിന്നുമാണ് അടുത്തിടെ നിഖില്‍ തോമസിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അബിന്‍ രാജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കിയത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നിഖില്‍ തോമസ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
Also Read:Fake Certificate Controversy | നിഖില്‍ തോമസിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്