ആലപ്പുഴ :വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കായംകുളം എംഎസ്‌എം കോളജാണ് പൊലീസിന് പരാതി നല്‍കിയത്.
സംഭവത്തിൽ, എംഎസ്‌എം കോളജ് പ്രിൻസിപ്പാള്‍, അധ്യാപകർ എന്നിവരുടെ മൊഴിയെടുത്തു. കോളജിൽ എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. വിഷയത്തിൽ കോളജ് നിയോഗിച്ച കമ്മിഷന്‍റെ റിപ്പോർട്ട് നാളെ ലഭിക്കുമെന്നും വീഴ്‌ചകൾ പരിശോധിക്കുമെന്നും പ്രിൻസിപ്പാള്‍ ഡോ. എൻ താഹ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കേരള സര്‍വകാലശാല വിസിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരുന്നു. വിഷയത്തില്‍ കേരള സര്‍വകലാശാല, ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, കായംകുളം എംഎസ്എം കോളജിൽ നിഖിലിന്‍റെ എംകോം പ്രവേശനം തുടങ്ങിയവയിൽ വിശദമായ അന്വേഷണം നടത്തണമെന്നും സര്‍വകലാശാല ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് റായ്‌പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തി വൈസ് ചാൻസലര്‍, രജിസ്ട്രാര്‍ എന്നിവരെ കണ്ടു.
നിഖിലിനെ അറിയില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ :വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ നിഖിൽ തോമസ് എന്ന വിദ്യാർഥി തങ്ങളുടെ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ രജിസ്ട്രാർ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി ഇന്നലെയാണ് വ്യക്തമാക്കിയത്. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ യൂണിവേഴ്‌സിറ്റി.