ആലപ്പുഴ: നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിൽ സർവ്വതും നഷ്ടമായ ജീവിതങ്ങൾക്ക് കൈതാങ്ങാകുകയായിരുന്നു ഈനാട് - റാമോജി ഗ്രൂപ്പ്. മലവെള്ളപ്പാച്ചിലിലും പെയ്തൊഴിഞ്ഞ പേമാരിയിലും സ്വന്തം കിടപ്പാടമാണ് പലർക്കും നഷ്ടമായത്. കതിരണിഞ്ഞ ഏക്കർകണക്കിന് വയലുകൾ മലവെള്ളത്തിൽ മുങ്ങി പോവുകയും ചെയ്തതോടെ കുട്ടനാടൻ ജനതയുടെ ജീവിതം തകർന്നടിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രളയാനന്തര പുനർനിർമാണം പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിൽ ഒന്നായ റാമോജി ഫിലിം സിറ്റി - ഈനാട് ഗ്രൂപ്പ് കരുണയുടെ കരങ്ങളുമായി എത്തിയത്.
ആലപ്പുഴക്ക് കൈതാങ്ങായി ഈനാട്- റാമോജി ഗ്രൂപ്പ്; നന്ദി പറഞ്ഞ് ഗുണഭോക്താക്കൾ - enadu ramoji group
ഐ ആം ഫോർ ആലപ്പി പദ്ധതിയുമായി സഹകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍റെ സഹകരണത്തോടെയാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് ഈനാട് - റാമോജി ഗ്രൂപ്പ് വീടുകൾ നിർമിച്ച് നല്‍കിയത്.
ആലപ്പുഴ സബ് കലക്ടർ ആയിരുന്ന വി.ആർ കൃഷ്ണതേജയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഐ ആം ഫോർ ആലപ്പി പദ്ധതിയുമായി സഹകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍റെ സഹകരണത്തോടെയാണ് ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ 116 കുടുംബങ്ങൾക്കാണ് വീട് നൽകാൻ കുടുംബശ്രീയുമായി കരാറുണ്ടാക്കിയത്. പിന്നീട് 121 വീടുകൾ നിർമിച്ച് നൽകുകയായിരുന്നു.
സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുംബശ്രീ എന്ന പ്രസ്ഥാനം വീട് നിർമാണവുമായി ബന്ധപ്പെട്ട് ആദ്യം പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അവ തരണം ചെയ്തു പദ്ധതി പൂർത്തീകരിക്കുകയായിരുന്നു. നിശ്ചയദാർഢ്യം കൊണ്ടും ആത്മസമർപ്പണം കൊണ്ടുമാണ് തങ്ങൾ ഈ പദ്ധതി പൂർത്തീകരിച്ചതെന്ന് നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനീയർ പറഞ്ഞു.