ആലപ്പുഴ: പ്രതിപക്ഷത്തിന്‍റെയും ഭരണപക്ഷത്തിന്‍റെയും കേന്ദ്ര ഭരണത്തിന്‍റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടും. മുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2010ലേക്കാൾ മികച്ച വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് യുഡിഎഫിന്‍റെ ഓരോ സ്ഥാനാർഥിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലം: കെ.സി വേണുഗോപാൽ
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് യുഡിഎഫിന്‍റെ ഓരോ സ്ഥാനാർഥിക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസമാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുകൾ എവിടെയെങ്കിലുമുണ്ടാവാം. അത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. അല്ലാതെ ഇടതുപക്ഷം ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോൺഗ്രസിന് മുൻകാലങ്ങളിൽ കിട്ടിയ സീറ്റുകൾ കൈമോശം വരും. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിങ്ങനെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സ്ഥലങ്ങളിലേക്ക് നല്ല സന്ദേശം കേരളത്തിൽ നിന്ന് നൽകാനാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
പൊതുവായ രാഷ്‌ട്രീയ സ്ഥിതി മലയാളികളുടെ മനസിനെ സ്വാധീനിക്കുമെന്നതാണ് കേരളത്തിലെ സാഹചര്യം. അങ്ങനെയെങ്കിൽ അത് ഐക്യ ജനാതിപത്യ മുന്നണിക്കാവും കൂടുതൽ ഗുണം ചെയ്യുക. കേരളത്തിലെ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നതുകൊണ്ട് തന്നെ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ കൈതവന എൻഎസ്എസ് കരയോഗ ഹാളിലാണ് കെ.സി വേണുഗോപാൽ വോട്ട് രേഖപ്പെടുത്തിയത്.