ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐയും സിപിഎമ്മും. ഇന്ന് (ജൂലൈ 19) ഉച്ചയ്‌ക്ക് 2 മണി മുതലാണ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റി അംഗം അമ്പാടിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ കാപ്പില്‍ത്തട്ട് ജങ്‌ഷനില്‍ വച്ചാണ് അമ്പാടിയ്‌ക്ക് വെട്ടേറ്റത്. നാല് ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ അമ്പാടിയുടെ കഴുത്തിനും കൈയ്‌ക്കും പരിക്കേറ്റു.
പരിക്കേറ്റ അമ്പാടിയെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ജൂലൈ 19) കുടുംബത്തിന് വിട്ടുനല്‍കും. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തെത്തി പൊലീസ് ആളുകളുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി.
മൂവാറ്റുപുഴയില്‍ വയോധിക വെട്ടേറ്റ് മരിച്ചു:സംസ്ഥാനത്ത് വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ അധികരിച്ചിരിക്കുകയാണ്. അടുത്തിടെ മൂവാറ്റുപുഴ വാളകം മേക്കടമ്പില്‍ വയോധിക വെട്ടേറ്റ് മരിച്ചിരുന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ അമ്മിണിയാണ് (86) മരിച്ചത്. സംഭവത്തില്‍ അമ്മിണിയുടെ മരുമകള്‍ പങ്കജം അറസ്റ്റിലായി.
രാത്രിയില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് പങ്കജം അമ്മിണിയെ കുത്തി പരിക്കേല്‍പ്പിച്ചത്. മുതുകിലും കഴുത്തിലും ആഴത്തില്‍ കുത്തേറ്റ അമ്മിണി തത്‌ക്ഷണം മരിച്ചു. അമ്മിണിയെ കുത്തി പരിക്കേല്‍പ്പിച്ചതിന് പിന്നാല സമീപത്തുള്ള സഹോദരന്‍റെ വീട്ടിലെത്തി പങ്കജം വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സഹോദരനും കുടുംബം വീട്ടിലെത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പങ്കജത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മിണിയുടെ മകന്‍ പ്രസാദ് തട്ടുകട നടത്തുകയാണ്. അതുകൊണ്ട് രാത്രി വൈകിയാണ് വീട്ടിലെത്തുക. അമ്മിണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. പങ്കജവും അമ്മിണിയും തമ്മില്‍ എപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടെന്നും കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് പങ്കജത്തിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
Also Read:Ramadevi Murder Case | കോയിപ്രം രമാദേവി കൊലക്കേസില്‍ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍ ; നിര്‍ണായക തെളിവായത് മുടിയിഴകള്‍