ആലപ്പുഴ: അനാവശ്യസഞ്ചാരങ്ങൾ തടയുകയെന്ന ലക്ഷ്യവുമായി ആലപ്പുഴയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ശവക്കോട്ടപ്പാലത്തിന് സമീപം നിര്‍വഹിച്ചു. തുടക്കത്തില്‍ 25 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാര്‍ക്കാണ് ഡ്രോണ്‍ സൗകര്യം നല്‍കുന്നത്. ഒരു ഡ്രോണ്‍ ഉപയോഗിച്ച് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ ആകാശ വീക്ഷണം സാധ്യമാകും. ഏതൊക്കെ റോഡുകളിലാണ് കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്, ഏതൊക്കെ സ്ഥലങ്ങളിലാണ് ആളുകള്‍ കൂടി നില്‍ക്കുന്നത് തുടങ്ങിയവ അറിയുന്നതിന് ഡ്രോണിന്‍റെ സഹായം തേടുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പൊലീസ് പരിശോധന ഇനി ആകാശക്കണ്ണിലൂടെയും
കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ലാ ഭരണകൂടവും നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ വളരെ കര്‍ശനമായി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും ശ്രമം. റോഡില്‍ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയെയും സൂം ചെയ്‌ത് കാണാന്‍ ഡ്രോണ്‍ നിരീക്ഷണം സഹായിക്കും. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കാത്തവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. ഡ്രോണ്‍ നിരീക്ഷണത്തിന്‍റെ ആദ്യ പരിശോധനയില്‍ വഴിച്ചേരി മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടെത്തുകയും പൊലീസിനെ അവിടേക്ക് ഉടന്‍ നിയോഗിക്കുകയും ചെയ്‌തു. നിരീക്ഷണത്തിലുള്ള ഓരോ ഡ്രോണിലൂടെയും വീഡിയോ റിക്കോഡ് ചെയ്‌ത് അതത് പൊലീസ് സ്റ്റേഷന്‍ മേധാവിക്ക് കൈമാറും. ആലപ്പുഴയുടെ തീരപ്രദേശങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തും.