ആലപ്പുഴ : മൂന്നാർ സബ് കലക്‌ടറായിരിക്കെ കയ്യേറ്റക്കാർക്കെതിരെ കർശന നിലപാട് എടുത്തതിന്‍റെ പേരിൽ ശ്രദ്ധേയയായ ഡോ. രേണുരാജ് ഐ.എ.എസ് ആലപ്പുഴ ജില്ല കലക്‌ടറാകും. നിലവിലെ കലക്‌ടർ എ. അലക്‌സാണ്ടർ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.
ALSO READ:ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഒ.ബി.സിയില്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍
ഐ.എ.എസ് രണ്ടാം റാങ്കോടെ പാസായ രേണു രാജ്, കല-കായിക മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായി. തുടർന്ന് കല്ലുവാതുക്കൽ ഇ.എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിക്കവെയാണ് 27-ാം വയസിൽ ആദ്യ ചാൻസിൽ തന്നെ ഐ.എ.എസ് പരീക്ഷ പാസായത്.
തൃശ്ശൂർ സബ് കലക്‌ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീടാണ് മൂന്നാറിൽ സബ് കലക്‌ടറായി എത്തുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ രേണു രാജ് മാർച്ച് ഒന്നിന് ആലപ്പുഴയിൽ ചാർജ് എടുക്കും.