ആലപ്പുഴ: കേരളാ പൊലീസ് സേനാംഗങ്ങളുടെ ആത്മഹത്യ വർധിച്ചു വരുന്ന സാഹചര്യത്തിൽ സേനാംഗങ്ങളുടെ ജീവിതശൈലിയിലും സേനയുടെ പ്രവർത്തനത്തിലും കാര്യമായ മാറ്റം വരുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനാംഗങ്ങളുടെ മാനസികപ്രശ്‌നങ്ങൾ പരിഹരിക്കാനും ചർച്ചചെയ്യാനും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൗൺസിൽ സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കും. ഇതിനുപുറമേ സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ കൗൺസിലിങ് സെന്‍ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സേനാംഗങ്ങളുടെ ആത്മഹത്യ: ജീവിത ശൈലിയിൽ മാറ്റം വരുത്തണമെന്ന് ഡിജിപി - ഡിജിപി ലോക്നാഥ് ബെഹ്റ
പൊലീസ് സേനാംഗങ്ങളുടെ മാനസികപ്രശ്‌നങ്ങൾ പരിഹരിക്കാനും ചർച്ചചെയ്യാനുമായി സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും കൗൺസിലിങ് സെന്‍ററുകൾ ആരംഭിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ
![പൊലീസ് സേനാംഗങ്ങളുടെ ആത്മഹത്യ: ജീവിത ശൈലിയിൽ മാറ്റം വരുത്തണമെന്ന് ഡിജിപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4912122-thumbnail-3x2-police.jpg)
ഈ വർഷം ഇതുവരെ ഒമ്പത് പൊലീസ് സേനാംഗങ്ങളാണ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞവർഷം പന്ത്രണ്ട് പേരും ആത്മഹത്യ ചെയ്‌തു. സംസ്ഥാന പൊലീസ് സേനയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു എന്ന അഭിപ്രായം തനിക്കില്ല. പക്ഷേ അത്തരം സംഭവങ്ങൾ തീർത്തും ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പൊലീസ് സേനാംഗത്തിന്‍റെയും വിയോഗം സംസ്ഥാന പൊലീസ് സേനക്കും സമൂഹത്തിനും സേനാംഗങ്ങളുടെ കുടുംബത്തിനും നഷ്‌ടം തന്നെയാണ്. ഇത് ഒഴിവാക്കാൻ സേനയുടെ പ്രവർത്തനത്തിലും കാര്യമായ മാറ്റം വരുത്തും. ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ യോഗ ഉൾപ്പെടെയുള്ള വ്യായാമമുറകളും ഉൾപ്പെടുത്തുവാനും ജോലിസംബന്ധമായ അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും ഡിജിപി വ്യക്തമാക്കി.