ആലപ്പുഴ :ഇന്ത്യൻ നാവികസേനയുടെ അഭിമാനമായിരുന്ന യുദ്ധക്കപ്പൽ ഇനി കിഴക്കിന്‍റെ വെനീസിന് സ്വന്തം. 20 വർഷത്തെ സേവനത്തിന് വിരാമമിട്ട് ജനുവരിയിൽ ഡീകമ്മിഷൻ ചെയ്‌ത ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് -ടി81 (INFAC - T81) യുദ്ധക്കപ്പലാണ് ചേർത്തല തണ്ണീർമുക്കത്തെത്തിച്ചത്. ഇവിടെ നിന്നും റോഡ് മാർഗമാകും ആലപ്പുഴയിലേക്കെത്തിക്കുക.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കടൽപ്പാലത്തിന് സമീപത്തുള്ള പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനെ തുടർന്നാണ് ഈ പടക്കപ്പൽ മുംബൈയിൽ നിന്ന് കൊച്ചിയിലും അവിടെനിന്ന് ചേർത്തലയിലും എത്തിച്ചത്.
വിശ്രമം ആലപ്പുഴയിൽ
എഞ്ചിനും മറ്റ് പ്രധാന സാമഗ്രികളുമെല്ലാം മാറ്റിയതിനാൽ കെട്ടി വലിച്ചാണ് ഇവിടെയെത്തിച്ചത്. ഇനി ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനായി കൃപ ക്രെയിൻസ് ആൻഡ് ട്രാൻസ്പോർട്ടിങ് കമ്പനിയുടെ 106 ടയറുള്ള കൂറ്റൻ വോൾവോ പുള്ളറിലേക്ക് കപ്പൽ കയറ്റി.
ക്രെയിൻ ഉപയോഗിച്ചാണ് കപ്പൽ കായലിൽ നിന്ന് ഉയർത്തിയത്. വിശ്രമജീവിതത്തിലേക്ക് കടക്കുന്ന പടക്കപ്പൽ കാണാൻ ധാരാളം പേര്‍ തടിച്ചുകൂടി. കെഎസ്‌ഇബി, പൊതുമരാമത്ത്, പൊലീസ്, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാകും കപ്പൽ റോഡുമാർഗം കൊണ്ടുപോകുക.