കേരളം

kerala

ETV Bharat / state

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി - ജില്ലാ കലക്‌ടര്‍ എം.അഞ്ജന

ഓരോ താലൂക്കിലും പൊലീസ്, റവന്യൂ, ലേബര്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചു

GUEST WORKERS  ALAPPUZHA GUEST WORKERS  DATA COLLECTION GUEST WORKERS  അതിഥി തൊഴിലാളി  കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂം  മൂവ്മെ‍ന്‍റ് പാസ്  ജില്ലാ കലക്‌ടര്‍ എം.അഞ്ജന  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി

By

Published : May 3, 2020, 1:03 PM IST

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ആലപ്പുഴയിലെ ക്യാമ്പുകളില്‍ നിന്നും മടങ്ങിപ്പോകേണ്ടവരുടെ വിവരശേഖരണം ആരംഭിച്ചു. അതത് താലൂക്കിലെ വിവിധ ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികളെ സന്ദര്‍ശിച്ച് പോകാന്‍ താല്‍പര്യമുള്ളവരുടെ രജിസ്ട്രേഷൻ നടത്തും. തുടര്‍ന്ന് വിവരങ്ങൾ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിന് കൈമാറും. പേര്, വയസ്, പോകേണ്ട സംസ്ഥാനം എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണന അര്‍ഹിക്കുന്നവരാണോയെന്ന വിവരവും തേടുന്നുണ്ട്. സ്ത്രീകൾ‍, കുടുംബമായുള്ളവര്‍, കുട്ടികളുമായി പോകേണ്ടവര്‍, എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവര്‍, വലിയ ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുൻഗണന നല്‍കും. നിലവില്‍ ഇവര്‍ക്ക് മൂവ്മെ‍ന്‍റ് പാസ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവര ശേഖരണ നടപടികൾ അടിയന്തരമായി നടത്താന്‍ ജില്ലാ കലക്‌ടര്‍ എം.അഞ്ജന നിർദേശം നൽകി. പണം നൽകി മടങ്ങിപ്പോകാൻ തയ്യാറുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിനായി ഓരോ താലൂക്കിലും പൊലീസ്, റവന്യൂ, ലേബര്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, യാത്രയ്ക്കുള്ള ടിക്കറ്റ്, യാത്രാവേളയില്‍ ഒരു ദിവസം രണ്ട് നേരമെങ്കിലും കഴിക്കാനുള്ള ഭക്ഷണം എന്നിവ സഹിതമാണ് ഇവര്‍ യാത്ര ചെയ്യുക. പണം നല്‍കി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തയ്യാറായവരുടെ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ഡിഎംഒ സ്വീകരിക്കും. യാത്രയ്ക്ക് തയ്യാറായവരുടെ ലിസ്റ്റ് പ്രകാരം ഇവര്‍ക്ക് റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിന് നിശ്ചിത ഇടങ്ങളില്‍ കെഎസ്ആ‌ര്‍ടിസി ബസ് തയ്യാറാക്കും. ടിക്കറ്റ്, ഭക്ഷണക്കിറ്റ് എന്നിവ നല്‍കി ഇവരെ ബസില്‍ കയറ്റി, റെയില്‍വെ സ്റ്റേഷനിലേക്കെത്തിക്കും. ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമായിരിക്കും ട്രെയിനിലും ബസിലും ‍ ഉണ്ടാവുക. കൂടാതെ മാസ്‌ക് നിര്‍ബന്ധമാണ്. ഒരു തരത്തിലും കൂട്ടം കൂടാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും. ഒരു ട്രെയിനില്‍ 1,140 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഉണ്ടാവുകയെന്നാണ് അറിയിച്ചിട്ടുള്ളത്. ചേർത്തല, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ അനുവദിക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ യാത്രയുടെ അവസാന രൂപരേഖ തയ്യാറാവൂ. ആകെ 19,000ത്തോളം പേരാണ് ജില്ലയില്‍ അതിഥി തൊഴിലാളികളായുള്ളതെന്നാണ് ഇപ്പോഴത്തെ കണക്ക്. അതിഥി തൊഴിലാളികൾക്കായി ജില്ലയിൽ ഒരുക്കിയ കൺട്രോൾ റൂം നമ്പർ 0477 2239040.

ABOUT THE AUTHOR

...view details