ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. കൊല്ലം ക്രൈംബ്രാഞ്ച് സംഘം വൈകിട്ട് അഞ്ച് മണിയോടെയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയത്. കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പി ഷാജി സുഗുണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തീരുമാനം. എന്നാൽ വെള്ളാപ്പള്ളി അസൗകര്യം അറിയിച്ചതിനെ തുടർന്ന് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
സാമ്പത്തിക ക്രമക്കേട്; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു - സാമ്പത്തിക ക്രമക്കേട് വെള്ളാപ്പള്ളി
എസ്‌എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത തുക വെള്ളാപ്പള്ളിയുടെ അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ
1997- 98 കാലഘട്ടത്തിൽ എസ്‌എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത തുകയിലെ 55 ലക്ഷം രൂപ കൺവീനറായിരുന്ന വെള്ളാപ്പള്ളിയുടെ അക്കൗണ്ടിലേക്ക് വക മാറ്റിയെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് അംഗമായ പി. സുരേന്ദ്രബാബുവാണ് പരാതിക്കാരൻ. 2004 മുതൽ നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടി കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് ജൂലൈ ആറിന് മുമ്പായി കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഇതേ തുടർന്നാണ് അന്വേഷണ സംഘം വെള്ളാപ്പളളിയെ ചോദ്യം ചെയ്യുന്നത്. കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം തന്നെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഒരു മാസത്തെ സമയം കൂടി കോടതി അനുവദിച്ചിട്ടുണ്ട്.