ആലപ്പുഴ:നഗരസഭാ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തർക്കത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ പ്രകടനത്തെ സംബന്ധിച്ച് പാർട്ടി അന്വേഷിക്കുമെന്ന് നഗരസഭാ പാർട്ടി കമ്മിറ്റി സെക്രട്ടറിയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.പി ചിത്തരഞ്ജൻ. അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തീരുമാനം പാർട്ടി ഐക്യകണ്‌ഠേനയെടുത്തതാണ്. നിലവിൽ നഗരസഭാധ്യക്ഷ സൗമ്യാരാജിന്‍റെ പേരും ഇപ്പോൾ ഉയർന്നുവന്ന കെ.കെ ജയമ്മയുടെ പേരും ഉൾപ്പടെയുള്ള പേരുകൾ പാർട്ടി പരിഗണിച്ചതാണ്. ശേഷം കമ്മിറ്റികളിൽ ചർച്ച ചെയ്‌താണ് നിലവിലെ ചെയർപേഴ്‌സണെ തെരഞ്ഞെടുത്തത്.
ആലപ്പുഴയിലെ പരസ്യ പ്രകടനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം - CPM
പാർട്ടി അച്ചടക്കം ലംഘിച്ച് തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചാൽ അതിന്‍റെ മുന്നിൽ പാർട്ടി കീഴടങ്ങുമെന്ന ധാരണ വേണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചിത്തരഞ്ജൻ
![ആലപ്പുഴയിലെ പരസ്യ പ്രകടനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം സിപിഎം പി.പി ചിത്തരഞ്ജൻ ആലപ്പുഴയിലെ പരസ്യ പ്രകടനം CPM to probe party rally CPM pp chitharanjan cpm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10033502-thumbnail-3x2-ssss.jpg)
പാർട്ടിയിൽ ഒരു വിഭാഗമെന്നോ, മറ്റൊരു വിഭാഗമെന്നോ ഇല്ലാതെ എല്ലാവരും കൂട്ടായാണ് തീരുമാനം എടുത്തത്. കെ.കെ ജയമ്മയുൾപ്പടെ ഈ തീരുമാനം അംഗീകരിച്ചതാണ്. വിവിധ കാര്യങ്ങൾ പരിഗണിച്ചാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആളെ പാർട്ടി തീരുമാനിച്ചത്. പാർട്ടിയിൽ വ്യത്യസ്‌തമായ ഒരഭിപ്രായവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിൽ നടത്തിയ പ്രകടനത്തെ സംബന്ധിച്ച് പാർട്ടി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വസ്‌തുതകളും വിഷയങ്ങളും പാർട്ടി കണ്ടെത്തും. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി ആവശ്യമായ സംഘടനാ നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി അച്ചടക്കം ലംഘിച്ച് തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചാൽ അതിന്‍റെ മുന്നിൽ പാർട്ടി കീഴടങ്ങുമെന്ന ധാരണ വേണ്ടെന്നും ചിത്തരഞ്ജൻ വ്യക്തമാക്കി.