ആലപ്പുഴ :കെ-റെയിൽ ചെങ്ങന്നൂരിലൂടെ കടന്നുപോകുന്നതിനോടുള്ള വിയോജിപ്പ് പരസ്യമാക്കിയ സി.പി.എം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു. വെണ്മണി കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം കെ.എസ്. ഗോപിനാഥിനോട് വിശദീകരണം തേടിയേക്കും.
കെ-റെയിലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നത്തിന്റെയും പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള തെറ്റിദ്ധാരണങ്ങൾ മാറ്റുന്നതിനും വേണ്ടി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ചെങ്ങന്നൂരിൽ സിപിഎം പ്രവർത്തകർ വീടുകൾ കയറി പ്രചരണം നടത്തുന്നത്.
കെ റെയിലിനെതിരെ പരസ്യ നിലപാടെടുത്ത ലോക്കല്‍ കമ്മിറ്റി നേതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം ഇതിന്‍റെ ഭാഗമായി വീടുകയറുമ്പോഴാണ് കെ.എസ് ഗോപിനാഥ് നിലപാട് വ്യക്തമാക്കിയത്. ആരുടേയും വസ്തുക്കള്‍ വിട്ടുകൊടുക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ ഇതുവഴി വരണമെന്ന് ആഗ്രഹിക്കുന്നയാളല്ല. പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് കെ റെയിലിന് അനുകൂലമായി സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Also Read: ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ ; ലക്ഷങ്ങളുടെ നാശനഷ്‌ടം
സംഭവം വിവാദമായതോടെ ഗോപിനാഥിനെതിരെ നടപടിക്കൊരുങ്ങുകയാണ് പാർട്ടി ഏരിയ - ജില്ലാ നേതൃത്വങ്ങൾ. പാർട്ടി നിലപാടിനെതിരെ പരസ്യമായ പ്രതികരണം നടത്തിയതിനാണ് ഗോപിനാഥിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. പാർട്ടി ഘടകങ്ങളിൽ പറയേണ്ട കാര്യങ്ങൾ പൊതു ഇടത്തിൽ പറയുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുംവിധമുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണിത്.